
ശിവഗിരി: സാംസ്കാരിക വകുപ്പ് ശിവഗിരിമഠത്തിന്റെയും അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗുരുദർശന പഠനക്ലാസുകൾ സംഘടിപ്പിക്കാനുളള സാംസ്കാരിക വകുപ്പിന്റെ നീക്കത്തെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് സ്വാഗതം ചെയ്തു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യവെ മന്ത്റി സജി ചെറിയാനാണ് സർക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചത്. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, മഹാകവി രവീന്ദ്രനാഥ ടാഗൂർ ശിവഗിരിയിൽ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി, മത മഹാപാഠശാലയുടെ കനകജൂബിലി തുടങ്ങി നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഇക്കൊല്ലം നടക്കും. ഗുരുദേവ ദർശനത്തിൽ അധിഷ്ഠിതമായി പുരോഗമനപരമായ വിഷയങ്ങളിലും ക്ലാസുകൾ തുടർന്നും സംഘടിപ്പിക്കും. ഓരോ ജില്ലയിലും മൂന്ന് ദിവസത്തെ പഠനക്ലാസുകളാണ് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്നത്. ഗുരുദേവദർശന പ്രചാരണരംഗത്ത് സർക്കാരിന്റെ ഈ നീക്കം പുതിയമാനം സൃഷ്ടിക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ പറഞ്ഞു.