
തിരുവനന്തപുരം: അന്തിമാനുമതി ലഭിച്ചാൽ രണ്ടുവർഷം കൊണ്ട് ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയ ശേഷം മൂന്നു വർഷം കൊണ്ട് സെമി-ഹൈസ്പീഡ് റെയിൽപ്പാത (സിൽവർലൈൻ) നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
ആകെ 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881കോടി രൂപ അഞ്ചു വർഷം കൊണ്ടാണ് ചെലവാക്കുന്നത്. ഈ തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കൽ വായ്പയായി സ്വീകരിക്കും. കേന്ദ്ര- കേരള സർക്കാരുകളുടെ വിഹിതങ്ങൾ കൂടി ഉണ്ടാകും.
നിർമ്മാണം നീണ്ടുപോയാൽ പദ്ധതിച്ചെലവ് ഉയരുമെന്നതിനാൽ അഞ്ച് പാക്കേജുകളായി, 365 ദിവസവും 24 മണിക്കൂറും പണി നടത്തും. 2025-ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാന വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും 'ജനസമക്ഷം സിൽവർലൈൻ"സംസ്ഥാനതല വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഭൂമി വിട്ടുനൽകുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കും. ഗ്രാമപ്രദേശങ്ങളിൽ വിപണിവിലയുടെ നാലിരട്ടി വരെയും നഗര പ്രദേശങ്ങളിൽ രണ്ടിരട്ടി വരെയും നഷ്ടപരിഹാരം നല്കും. ഉടമകളുടെ പൂർണ സഹകരണത്തോടെയാകും ഭൂമി ഏറ്റെടുക്കുക. വീടുകളുടെ നഷ്ടപരിഹാരത്തിന് 4460 കോടി രൂപയും, പുനരധിവാസത്തിന് മാത്രം 1730 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
റെയിൽ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സദസിൽ നിന്നുയർന്ന സംശയങ്ങൾക്ക് അദ്ദേഹം മറുപടി നല്കി.