
പാറശാല: പാറശാലയിൽ അടിക്കടിയുണ്ടാകുന്ന പൈപ്പുപൊട്ടലിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കഴിഞ്ഞ നാല് ദിവസമായി മേഖലയിൽ ജലവിതരണം നടക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് പാറശാല ആശുപത്രി ജംഗ്‌ഷനിൽ കൊല്ലങ്കോട് ഭാഗത്തേക്കുള്ള റോഡ് ഉപരോധിച്ചത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാറശാല ആർ.സി സ്ട്രീറ്റിലെ ജനങ്ങളുടെ നേതൃത്വത്തിലായിരുന്നു സമരം. എന്നാൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതായും പഞ്ചായത്ത്, വാട്ടർ അതോറിട്ടി എന്നിവരുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറിൽ ജലവിതരണം നടത്തുന്നതായുമാണ് അധികൃതർ പറയുന്നത്. വാർഡ് മെമ്പർ സുനിൽകുമാർ സി.കെ.ഹരീന്ദ്രൻ എം.എൽ.എ, വാട്ടർ അതോറിട്ടിയുടെ എ.ഇ എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ തന്നെ തകരാർ പരിഹരിച്ച് കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരക്കാർ പിന്മാറിയത്.