thee

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായി.ജെബി മേത്തറും, കെ.പി.സി.സി അച്ചടക്കസമിതി അദ്ധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഇന്ദിരാഭവനിൽ ചുമതലയേറ്റു. അച്ചടക്ക സമിതി അംഗങ്ങളായ എൻ. അഴകേശൻ, ഡോ. ആരിഫ എന്നിവരും ചുമതലയേറ്റു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യനിൽ നിന്നാണ് ആറാമത്തെ പ്രസിഡന്റായി ജെബി മേത്തർ സ്ഥാനമേറ്റടുത്തത്. സ്ത്രീ സമൂഹത്തെ കോണ്‍ഗ്രസിനൊപ്പം നിറുത്താനും വനിതകളുടെ അവകാശങ്ങൾക്കായി വീറോടെ പൊരുതാനും ജെബിക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.മഹിളാ കോൺഗ്രസ് ഏറ്റവും വലിയ സ്ത്രീ ശക്തിയായി മാറണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. 'സ്ത്രീകൾ സ്ത്രീകൾക്ക് പ്രചോദനം ' എന്ന മുദ്രവാക്യമുയർത്തി മഹിളാ കോൺഗ്രസ് പ്രവർത്തിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ജെബി മേത്തർ പറഞ്ഞു.

പാർട്ടി കോൺഗ്രസായതിനാൽ അച്ചടക്കസമിതിക്ക് ഇരകളെ ഇഷ്ടം പോലെ കിട്ടുമെന്ന കെ. മുരളീധരന്റെ പ്രതികരണം അച്ചടക്കസമിതിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ ചിരി പടർത്തി. പക്ഷപാതപരമായ ഒരു നടപടിയുമുണ്ടാകില്ലെന്നും ,തീരുമാനങ്ങൾ നീതിബോധത്തോടെയുള്ളതായിരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ്, വി.ടി. ബൽറാം, എൻ. ശക്തൻ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, പഴകുളം മധു, പ്രതാപവർമ തമ്പാൻ, ജി. സുബോധൻ, മരിയാപുരം ശ്രീകുമാർ, എം.ജെ.ജോബ്, എം.എം. നസീർ, അലിപ്പറ്റ ജമീല, സലിം, ദീപ്തിമേരി വർഗീസ്, വി. പ്രതാപചന്ദ്രൻ, പാലോട് രവി, ബെന്നി ബെഹനാൻ, കെ.വി.തോമസ്, വി.എസ്. ശിവകുമാർ, മണക്കാട് സുരേഷ്, വർക്കല കഹാർ, എം.എ. വാഹിദ്, നെയ്യാറ്റിൻകര സനൽ, ഫാത്തിമറോസ്ന, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, കെ.എം. അഭിജിത്, ആർ.ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.