governor

തിരുവനന്തപുരം: രാഷ്ട്രീയ അതിപ്രസരം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ ചുമതലകളിൽ നിന്ന് വിട്ടുനിന്നതോടെ, 13 സർവകലാശാലകൾക്ക് നാഥനില്ലാത്ത സ്ഥിതിയായി. ഗവർണറെ അനുനയിപ്പിക്കാൻ സർക്കാ‌ർ ശ്രമിക്കുന്നതേയില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടെങ്കിലും ഗവർണറെ സന്ദർശിച്ചിട്ടില്ല.

കഴിഞ്ഞ എട്ടു മുതൽ താൻ ചാൻസലർ അല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. എന്നാൽ നിയമപ്രകാരം ഗവർണറാണ് സർവകലാശാലകളുടെ ചാൻസലറായിരിക്കേണ്ടത്. അടിയന്തര തീരുമാനമെടുക്കേണ്ട ഫയലുകൾ സർവകലാശാലകൾ രാജ്ഭവനിലേക്ക് അയയ്ക്കുമ്പോൾ അവ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാനാണ് ഗവർണറുടെ നിർദ്ദേശം. ചില ഫയലുകൾ സെക്രട്ടേറിയറ്റിലേക്ക് അയച്ചെങ്കിലും തീരുമാനമെടുക്കാനാവാതെ കെട്ടിവച്ചിരിക്കുകയാണ്. ചാൻസലർ എടുക്കേണ്ട തീരുമാനങ്ങൾ മുഖ്യമന്ത്രിക്കോ മന്ത്രിക്കോ എടുക്കാനാവില്ല. പുതിയ ഫയലുകൾ അയയ്ക്കേണ്ടെന്ന് സർക്കാർ രാജ്ഭവന് നിർദ്ദേശം നൽകി.

കണ്ണൂർ വി.സി പുനർനിയമനക്കേസിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിന് കൈമാറിയിട്ടുണ്ട്. 12ന് കേസ് പരിഗണിക്കുമ്പോൾ ഈ നോട്ടീസിന് മറുപടി നൽകാൻ നിയമപ്രകാരം സർക്കാരിന് കഴിയില്ല.

സർവകലാശാലകളുടെ തലവനായ ഗവർണർക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. സർവകലാശാലകളിലെ അപ്പീലുകൾ തീർപ്പാക്കേണ്ടതും ചാൻസലറാണ്. കോടതികളിലുള്ള കേസുകളിലും ചാൻസലർ നിലപാട് അറിയിക്കേണ്ടതുണ്ട്.

സംസ്കൃത സർവകലാശാലയിലെ വൈസ്ചാൻസലർ നിയമനവും ത്രിശങ്കുവിലാണ്. നേരത്തേ വി.സിയാക്കാൻ പാനലിനു പകരം നൽകിയ ഒറ്റപേര് ഗവർണർ മടക്കിയിരുന്നു.