
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിക്കായി മൂന്നു ജില്ലകളിൽ കൂടി സാമൂഹ്യാഘാത പഠനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിലാണ് പഠനം നടത്തുക. നേരത്തേ കണ്ണൂരിൽ പഠനത്തിന് വിജ്ഞാപനമിറക്കിയിരുന്നു. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കാസർകോട്ട് 142. 9665 ഹെക്ടർ, എറണാകുളത്ത് 116. 3173 ഹെക്ടർ, തിരുവനന്തപുരത്ത് 130.6452 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കും. കാസർകോട് ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണ് പാത കടന്നുപോകുന്നത്. ഇതിൽ 12 വില്ലേജുകളിലായി 27 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായി. 939 കല്ലുകളാണ് ഇതുവരെ ഇട്ടത്. സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിനൂർ, മാണിയാട്ട്, പിലിക്കോട്, നീലേശ്വരം,പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ഹോസ്ദുർഗ്, ബല്ല, അജാനൂർ വില്ലേജുകളിലാണു കല്ലിടൽ പൂർത്തിയായത്. ചിത്താരി വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. കണ്ണൂരിൽ 26.8 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായിട്ടുണ്ട്. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെയും ആളുകളുടെയും എണ്ണം, ഭൂമിയുടെ അളവ്, ഏറ്റെടുക്കേണ്ട സർക്കാർ-സ്വകാര്യ ഭൂമി എന്നിവയുടെ അളവ്, ബാധിക്കപ്പെടുന്ന വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എന്നിവയെല്ലാം പഠനത്തിൽ കണ്ടെത്തും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയവയും പഠിക്കും. വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ സാമൂഹ്യാഘാത പഠനം നിർബന്ധമാണ്.