sivasankar-today-rejoin-i

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അകപ്പെട്ട് കഴിഞ്ഞ ഒന്നരവർഷമായി സസ്പെൻഷനിൽ കഴിയുന്ന മുതിർന്ന ഐ.എ.എസ് ഒാഫീസറും മുൻ ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ ഇന്ന് സർവ്വീസിൽ തിരികെയെത്തും.സസ്പെൻഷൻ ഇനിയും നീട്ടേണ്ടെന്നും സർവ്വീസിൽ തിരിച്ചെടുക്കാവുന്നതാണെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നൽകിയ ശുപാർശ അംഗീകരിച്ച മുഖ്യമന്ത്രി ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ ഇന്നലെ ഒപ്പുവച്ചു. നിലവിലെ സസ്പെൻഷൻകാലാവധി ഇന്നലെ അവസാനിച്ചു. ചട്ടം അനുസരിച്ച് ശിവശങ്കറിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടാൻ സംസ്ഥാനസർക്കാരിനാകും. എന്നാൽ അത് വേണ്ടെന്നായിരുന്നു ശുപാർശ. 2023 ജനുവരി 24 വരെ ശിവശങ്കറിന് സർവ്വീസ് കാലാവധിയുണ്ട്.ശിവശങ്കറിന് തസ്തിക അനുവദിച്ചുകൊണ്ട് പിന്നീട് പ്രത്യേക ഉത്തരവിറക്കും.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം.ശിവശങ്കർ സർവ്വീസിന് പുറത്തായി ഒരുവർഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ച് വരവിന് കളമൊരുങ്ങുന്നത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് 6നാണ് ശിവശങ്കറിനെ ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും കൂടി പ്രതിചേർക്കപ്പെട്ടു. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98ദിവസം ജയിൽവാസം അനുഭവിച്ചു.

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കണക്കിലെടുത്ത് 2021ജൂലായ് 15ന് രണ്ടാമത് മൂന്നുമാസത്തേക്കും സ്വപ്നയ്ക്ക് അനധികൃത നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് 2021 സെപ്തംബർ വീണ്ടും മൂന്ന് മാസത്തേക്കും സസ്‌പെൻഡ് ചെയ്തു. ഇതിന്റെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. ക്രിമിനൽ കേസിലകപ്പെടുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ കേസിൽ കുറ്റവിമുക്തനാകുന്നതു വരെയോ, രണ്ടുവർഷത്തേക്കോ പുറത്തുനിറുത്താൻ കഴിയുന്ന ഓൾ ഇന്ത്യ സർവീസസ് അച്ചടക്കവും അപ്പീലും ചട്ടം 3 (3) അനുസരിച്ചായിരുന്നു നടപടി. സസ്‌പെൻഡ് ചെയ്ത വിവരം കേന്ദ്രത്തെ അറിയിച്ചിരുന്നു.ഇതനുസരിച്ച് 2022 ജൂലായ് വരെ സസ്പെൻഷൻ നീട്ടാൻ സർക്കാരിനാകും.

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. ഡിസംബർ 30ന് മുമ്പ് വിശദാംശങ്ങൾ അറിയിക്കാനായിരുന്നു കത്ത്. പക്ഷേ, കസ്റ്റംസ് വിവരങ്ങൾ അറിയിച്ചില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നരവർഷമായി സസ്‌പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങൾക്ക് തടസ്സമാവില്ലെന്നുമാണ് സമിതിയുടെ ശുപാർശ.ഇതാണ് സർക്കാർ പരിഗണിച്ചത്.