
നെയ്യാറ്റിൻകര: നീർച്ചാലുകൾ നിറഞ്ഞ വയൽ കരഭൂമിയാക്കി മാറ്റാൻ അധികൃതരുടെ ഒത്താശയെന്ന പരാതിയുമായി കർഷകർ. തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവൈക്കോണം ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് തിരുപുറം കൃഷി, വില്ലേജ് ഓഫീസ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരഭൂമിയാക്കി മാറ്റാൻ ആർ.ഡി.ഒ അനുമതി നൽകിയത്. ഇവിടെ വീട് നിർമ്മിക്കുന്നതിന് തിരുപുറം ഗ്രാമ പഞ്ചായത്ത് കെട്ടിട അനുമതിയും നൽകി.
അതിയന്നൂർ ഗ്രാമ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിവിടെ. മഴക്കാലത്ത് അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ പോങ്ങിൽ, ഭാസ്കർനഗർ, വെൺപകൽ എന്നീ വാർഡുകളിലെ വെള്ളം ഈ ഏലായുടെ പടിഞ്ഞാറ് വശത്തുള്ള നീർച്ചാലിലൂടെ കടന്ന് ഇരുവൈക്കോണം റോഡിൽ നിർമ്മിച്ചിട്ടുള്ള കലുങ്കിലൂടെയാണ് ഒഴുകുന്നത്. ഇതിന് സമീപത്താണ് വീട് നിർമ്മാണത്തിന് അധികൃതർ അനുമതി നൽകിയത്.
നെയ്യാറിൽ ജലനിരപ്പുയരുമ്പോൾ പോങ്ങിൽ, അരങ്ങൽ വാർഡുകളിലെ വയലുകളിൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. അനധികൃത നിർമ്മാണം കാരണം ഇരുവൈക്കോണത്തുള്ള കലുങ്കുകളിൽ എത്തിച്ചേരുന്ന നീർചാലുകൾ അടയുന്നതും വെൺപകൽ ഏലായിൽ കൃഷി നാശമുണ്ടാകുന്നതും പതിവാണ്.
ഇതിനോടൊപ്പം ചതുപ്പുപ്രദേശത്തെ് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇരുകരകളിലെയും കൃഷിയെ സാരമായി ബാധിക്കുമെന്നാണ് കർഷകരുടെ അഭിപ്രായം. രണ്ടു കരകളിലുമുള്ള വയലിലെ കൈയേറ്റം ഒഴിപ്പിച്ച് വെള്ളം സുഗമമായി ഒഴുക്കിവിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിലം നികത്താൻ അനുമതി നൽകിയ നടപടി റദ്ദുചെയ്യണമെന്നും കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.