തിരുവനന്തപുരം: വയലാർ രാമവർമ്മ സ്‌മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയെന്ന നിലയിൽ വയലാർ അവാർഡിന്റെ സാരഥിയായി നാലര പതിറ്റാണ്ട് കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ നിറഞ്ഞുനിന്ന സി.വി. ത്രിവിക്രമൻ (92) അന്തരിച്ചു. ഇന്നലെ രാവിലെ 5.52ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് റോഡിൽ നവരംഗം നോർത്ത് –52 'ഭാനുമതി'യിലായിരുന്നു അന്ത്യം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
1977ൽ സി. അച്ചുതമേനോൻ പ്രസിഡന്റായി ട്രസ്റ്റ് രൂപീകരിച്ച കാലം മുതൽ സെക്രട്ടറിയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ശിഷ്യരിൽ പ്രധാനിയായ കരുനാഗപ്പള്ളി തഴവയിൽ കോട്ടുകോയിക്കൽ വേലായുധൻ മാസ്റ്ററുടെയും ശാരദാമ്മയുടെയും മകനാണ്. ഖാദി ബോർഡിൽനിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. അഭിഭാഷകനായും പ്രവർത്തിച്ചു. സാഹിത്യസാംസ്‌കാരിക മേഖലയിൽ വലിയ സൗഹൃദങ്ങൾക്കും ശിഷ്യസമ്പത്തിനും ഉടമയായിരുന്നു. എസ്.എ.ടി സൂപ്രണ്ട് ആയിരുന്ന ഡോ. കെ. ലളിതയാണ് ഭാര്യ. മക്കൾ: ലക്ഷ്മി മനു കുമാരൻ (റിട്ട. ജനറൽ മാനേജർ റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് മാംഗ്ളൂർ), നടി മാലാ പാർവതി. മരുമക്കൾ: മനു എസ്. കുമാരൻ, അഡ്വ. ബി. സതീശൻ (റിട്ട. ലാ ഓഫീസർ, സി.ഡിറ്റ്).