
മലയിൻകീഴ്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് നൂതന സംവിധാനത്തോടെയുള്ള നാല് നില മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു. നിലവിലുള്ള അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും പഴയ കെട്ടിടത്തിന്റെയും സ്ഥാനത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മണിയറവിള ഗവ. ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും താലൂക്ക് ആശുപത്രിക്ക് വേണ്ടുന്ന യാതോരുവിധ സൗകര്യവും ഇവിടെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ താലൂക്ക് ആശുപത്രിക്ക് നൂതന സംവിധാത്തോടെയുള്ള 4 നില മന്ദിരം 15.25 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്. മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം മാസങ്ങൾക്ക് മുൻപ് കഴിഞ്ഞെങ്കിലും നിർമ്മാണം ആരംഭിച്ചത് അടുത്തിടെയാണ്. താലൂക്ക് ആശുപത്രിയെ ഇതുവരെ ജില്ലാപഞ്ചായത്തിന് രേഖാമൂലം വിട്ടുനൽകാതെ ബ്ലോക്ക് പഞ്ചായത്തിന്റെ കസ്റ്റഡിയിലാണ് ആശുപത്രിയുടെ മേൽനോട്ടം. മലയിൻകീഴ് താലൂക്ക് ആശുപത്രി ജില്ലാപഞ്ചായത്തിന്റെ അധീനതയിൽ വന്നിട്ടില്ലെന്നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നൽകിയ വിവരം. എന്നാൽ താലൂക്ക് ആശുപത്രിയായ ശേഷം നിരവധി വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടന്നുവെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചിരുന്നു.ഐ.ബി.സതീഷ് എം.എൽ.എ ശിലാഫലകവും അനാച്ഛാദനം ചെയ്തിരുന്നു.താലൂക്ക് ആശുപത്രിക്ക് പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ ചികിത്സതേടി എത്തുന്നവരുടെ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നും നൂതന രീതിയിലാണ് മന്ദിരം നിർമ്മിക്കുന്നതെന്നും ഐ.ബി.സതീഷ്.എം.എൽ.എ.കേരളകൗമുദിയോട് പറഞ്ഞു.
**നിലവിലെ പ്രവർത്തനം
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർന്നിട്ടും രോഗികൾക്ക് വേണ്ടുന്ന സൗകര്യങ്ങളില്ലാതെയാണ് നിലവിലുള്ള പ്രവർത്തനം. റെ-ഫറിംഗ് ആശുപത്രിയെന്നാണ് നാട്ടുകാർ ഇതുവരെ പരിഹസിച്ചിരുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നപ്പോഴുള്ള 52 പേരെ കിടത്തി ചികിത്സിയ്ക്കാനുള്ള സൗകര്യമേ നിലവിലുള്ളൂ. രാത്രികാല ചികിത്സ റഫറിംഗ് മാത്രം. പലപ്പോഴും രാത്രി 8 മണിക്ക് ശേഷം ചികിത്സതേടി എത്തുന്നവർ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
നാല് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്
ഗ്രൗണ്ട് ഫ്ലോർ.......അത്യാഹിത വിഭാഗം, റിസപ്ഷൻ, വെയിറ്റിംഗ് ഏരിയ, മറ്റ് അനുബന്ധ സൗകര്യങ്ങളും
ഒന്നാം നില........വിവിധ ഒ.പി.യും അനുബന്ധ വെയിറ്റിംഗ് സൗകര്യവും 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡും
.രണ്ടാം നില......10 കിടക്കകളുള്ള സ്ത്രീകളുടെ വാർഡും 16 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡും
മൂന്നാമത്തെ നില............അഡ്മിനിസ്‌ട്രേഷൻ വിംഗും രണ്ട് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററും
മറ്റ് സൗകര്യങ്ങൾ.... മെഡിസിൻ,സർജറി,ഓർത്തോ,ഗൈനക്,പീഡിയാട്രിക്,എൻ.സി.ഡി. എന്നീ വിഭാഗങ്ങളുടെ പരിശോധനാ മുറികളും വെയിറ്റിംഗ് ഏരിയയും നഴ്‌സിംഗ് സ്റ്റേഷനും ഫാർമസിയുമുണ്ടാകും.സ്ത്രീകൾ,പുരുഷന്മാർ,ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ടോയ്ലെറ്റുകളും പുതിയ സമുച്ഛയത്തിലുണ്ടാകും.
**അനുവദിച്ച ഒഴിവുകൾ.
ഫിസിഷ്യൻ 1
ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 4
സ്റ്റാഫ് നഴ്‌സ് 3
ലാബ് ടെക്‌നീഷ്യൻ 1
ഫാർമസിസ്റ്റ് 1
**സൗകര്യങ്ങളുണ്ട്, ഉപയോഗം മാത്രമില്ല
ലാബ് പുതുക്കി പണിഞ്ഞ് ആധുനികവത്ക്കരിച്ചു. സെമി ആട്ടോ അനലൈസർ തുടങ്ങിയ ഉപകരണങ്ങളുണ്ടെങ്കിലും രോഗികൾക്ക് പലപ്പോഴും പ്രയോജനപ്പെടാറില്ല. ഫാർമസിയിൽ മോഡ്യുലാർ റാക്ക്, എക്‌സ് റേ യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങിയവ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അപര്യാപ്തത കാരണം രോഗികൾക്ക് പ്രയോജനമുണ്ടാകാറില്ല. ഡെന്റൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചെങ്കിലും ക്ലീനിംഗ്, പോട് അടയ്ക്കൽ എന്നിവ മാത്രമേയുള്ളൂ.
** ആശുപത്രിയിൽ സ്ഥലപരിമിതിയുള്ളതിനാൽ പുതി നാല് നില മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും ...........ഐ.ബി.സതീഷ്. എം.എൽ.എ