
കുറ്റിച്ചൽ: വർഷങ്ങളായി വെള്ളത്തിനായുള്ള കാത്തിരിപ്പിലാണ് ഷാജഹാൻ. വാട്ടർ അതോറിട്ടി കുറ്റിച്ചൽ കോട്ടൂർ കള്ളിയൽ മുതിയൻകാവ് തടത്തരികത്ത് വീട്ടിൽ ഷാജഹാനടക്കമുള്ള 15ൽപ്പരം വീടുകളിൽ പൈപ്പ് സ്ഥാപിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ജന്മനാ അന്ധനായ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പൈപ്പ് കണക്‌ഷൻ ഇല്ലാത്തത് കാരണം വാട്ടർ ടാങ്ക് വാങ്ങി വെള്ളം നിറച്ചാണ് പ്രാഥമിക കാര്യങ്ങൾക്ക് പോലും ഉപയോഗിക്കുന്നത്. കോട്ടൂർ - കള്ളിയൽ റോഡിൽ മുതിയൻകാവിൽ തകർന്നുവീഴാറായ വീട്ടിലാണ് താമസം.
പണമില്ലാത്തതിനാൽ വീട് അറ്റകുറ്റപണികൾ നടത്താൻ പോലും കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് പാഥേയം പദ്ധതി പ്രകാരം നൽകുന്ന ഉച്ചയൂണ് കഴിച്ചാണ് ജീവിതം. ചിലപ്പോൾ സർക്കാർ വികലാംഗർക്കായി നൽകിയിരിക്കുന്ന പാസ് ഉപയോഗിച്ച് ബസിൽ കയറി മറ്റ് സ്ഥലങ്ങളിൽ പോയി ആളുകളോട് കൈനീട്ടും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതം. ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഗുണഭോക്തൃവിഹിതം അടയ്ക്കാത്തതാണ് കുടിവെള്ളം ലഭിക്കാത്തതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.