
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന ബി.ജെ.പി. നേതാവുമായ കെ. അയ്യപ്പൻ പിള്ള അന്തരിച്ചു. നൂറ്റിയേഴ് വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന ബാർ കൗൺസിൽ അംഗവുമായിരുന്നു.
ഇന്നലെ തൈക്കാട് പൊലീസ് ലെയ്ൻ റോഡിലെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നാനാതുറയിലുള്ളവർ അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ 10ന് നഗരസഭാ ഹാളിലും തുടർന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനം.
1934ൽ മഹാത്മാഗാന്ധിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് അയ്യപ്പൻപിള്ള പൊതുപ്രവർത്തനത്തിനിറങ്ങിയത്. 1930കളിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ആകൃഷ്ടനായി. ഗാന്ധിജിയുമായുള്ള അടുപ്പം വഴിത്തിരിവായി.
ഭാര്യ രാജമ്മ ഏതാനും വർഷം മുമ്പ് മരിച്ചു. മക്കൾ:ഗീത, അനൂപ്കുമാർ (റിട്ട. മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്, ഫിനാൻഷ്യൽ കൺസൾട്ടന്റ്). മരുമക്കൾ: രാജ്കുമാർ (റിട്ട. ചീഫ് എൻജിനീയർ, സപ്തഗിരി സ്റ്റീൽസ്), ഹേമലത.