തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ടുറോഡിൽ ആക്രിഗോഡൗണിന് തീപിടിച്ച സംഭവത്തിൽ ഫയർഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ട് ഡി.ജി.പി, ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് സമർപ്പിച്ചു. പേരിനുപോലും സുരക്ഷയില്ലാത്ത ഗോഡൗണിന്റെ അവസ്ഥയാണ് അപകടം ഇത്രയും വലുതാക്കിയതെന്നാണ് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. ഗോഡൗണിന് സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ നിന്നോ ചവർ കത്തിച്ചതിൽ നിന്നോ തീപടർന്നതാകാമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
10.30നാണ് കടയിൽ തീപിടിച്ചത്. രണ്ടുമണിക്കൂറിനു ശേഷം 12മണിയോടെയാണ് അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെയുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ടാർ പോലെയുള്ള ദ്രാവകവും തീ പടർന്നുപിടിക്കാൻ കാരണമായി. അഗ്നിശമന സേനയുടെ 16 വാഹനങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിരുന്ന ഭാഗത്തെ തെങ്ങുകളിലെ ഓല കേബിളുകളിലേക്ക് ചാഞ്ഞുകിടക്കുകയായിരുന്നു. ഇതുമൂലം ഉണ്ടായ സ്പാർക്ക് ആകാം തീപിടിക്കാൻ കാരണം. പെട്ടെന്ന് സമീപത്തെ വീടുകളിലെ ആളുകളെ ഒഴിപ്പിക്കാനായതും പൊലീസിന്റെ ജലപീരങ്കിയും വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന പാന്തർ വാഹനവും തീകെടുത്താൻ ലഭിച്ചതും വൻദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.