re

വെമ്പായം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ബോധരഹിതയായ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ എ.ജെ. രേവതി, ഡ്രൈവർ ബി. പ്രദീപൻ എന്നിവരാണ് ബസിനുള്ളിൽ ബോധരഹിതയായ പോത്തൻകോട് സ്വദേശി അംബിക യേശുദാസിനെ (52) പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.

കിളിമാനൂർ ഡിപ്പോയിലെ ആർ.എ.സി 769-ാം നമ്പർ ബസിനുള്ളിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 9 ഓടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസിലാണ് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് പോകാനായി അംബിക യേശുദാസ് കയറിയത്. ബി.പി അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അംബിക.

യാത്രയിൽ പിരപ്പൻകോടിന് സമീപം വച്ച് ബസിനുള്ളിൽ അംബിക ബോധരഹിതയായി. ഉടനെ ബസ് ആശുപത്രിക്കുള്ളിലേക്ക് കയറ്റാൻ കണ്ടക്ടർ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രിയിലേക്ക് ബസ് തിരിക്കുന്ന സമയം ​ഗതാ​ഗതക്കുരുക്കായതോടെ രേവതി അതിവേ​ഗം ആശുപത്രിയിലേക്ക് ഓടി സെക്യൂരിറ്റിയെ വിവരം ധരിപ്പിക്കുകയും സ്ട്രെച്ചറുമായി എത്തി രോ​ഗിയെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.