തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കിഴക്കേകോട്ട ഗ്യാരേജിന് മുന്നിൽ അനധികൃതമായി മത്സ്യക്കച്ചവടം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി ചാലയിലെ ചെറുകിട കച്ചവടക്കാർ. ചാല ചെറുകിട കച്ചവട ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. രണ്ടുമാസത്തോളമായി അനധികൃതമായി തുടരുന്ന കച്ചവടം അവസാനിപ്പിക്കുന്നതുവരെ ചാലയിലെ ചെറുകിട കച്ചവടങ്ങൾ (പച്ചക്കറി, പലവ്യഞ്ജനം, മീൻ, കോഴി) നിറുത്തിവച്ച് സമരം ചെയ്യുമെന്ന് വ്യപാരികൾ വ്യക്തമാക്കി.

വിഴിഞ്ഞം, പൂവാർ, പുല്ലുവിള, അടിമുലത്തുറ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരാണ് രാവിലെ 7 മുതൽ വൈകിട്ട് 8വരെ ഇവിടെ കച്ചവടം നടത്തുന്നത്. അമ്പതോളം പേരാണ് യാത്രക്കാരുടെ വഴിമുടക്കി ഇവിടെയിരിക്കുന്നത്. ഇവർക്ക് ചാലയിൽ ഇരുന്ന് കച്ചവടം നടത്താൻ സൗകര്യം ചെയ്യാമെന്ന് പറഞ്ഞിട്ടും ഇവർ മാറാൻ തയാറാവുന്നില്ലെന്നും ആക്ഷൻ കൗൺസിൽ സെക്രട്ടറി ജയൻ പറഞ്ഞു. പൊലീസിനും കോർപ്പറേഷനും കളക്ടർക്കും പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ല. ഇനി ഒരു തീരുമാനമുണ്ടാകുന്നതുവരെ സമരം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ജയൻ പറഞ്ഞു. അതേസമയം കോർപ്പറേഷൻ ഫുട്പാത്തിൽ കച്ചവടം ചെയ്യുന്നവരെ ചർച്ചയ്‌ക്ക് വിളിച്ചെന്നാണ് സൂചന.