
വിഴിഞ്ഞം: വിഴിഞ്ഞത്തെ പഴയ വാർഫിൽ കടൽക്ഷോഭത്തിൽ തകർന്ന പുലിമുട്ട് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചു. ടെട്രാപോഡുകൾ ഉപയോഗിച്ചാണ് ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്നത്. കാലവർഷത്തിൽ ഒലിച്ചുപോയതിനു പകരം വീണ്ടും കരിങ്കല്ലുകൾ നിക്ഷേപിച്ച ശേഷമാണ് പുലിമുട്ട് ബലപ്പെടുത്തുന്നത്. 2017 മുതൽ പല സമയത്തായി ഉണ്ടായ കടൽക്ഷോഭങ്ങളിലാണ് പുലിമുട്ട് തകർന്നത്. ഇതിനോടൊപ്പം വാർഫിന്റെ ചുറ്റുമതിലിന്റെ ചിലഭാഗവും തകർന്നിരുന്നു. ശേഷിച്ച മതിൽ പൊളിച്ചുമാറ്റിയ ശേഷം പുതിയ മതിൽ നിർമ്മിക്കുമെന്നും ഇവിടെ ഗേറ്റ് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
കസ്റ്റംസ് ഓഫീസും, തുറമുഖ വകുപ്പിന്റെ കീഴിലുള്ള പോർട്ട് ഓഫീസും സ്ഥിതിചെയ്യുന്നത് ഈ വാർഫിലാണ്. ചുറ്റുമതിൽ തകർന്നതോടെ ഇതുവഴി ആർക്കും കടന്നുകയറാമെന്ന സ്ഥിതിയാണ്. കടൽമാർഗമുള്ള മനുഷ്യക്കടത്ത് വെളിപ്പെട്ട സാഹചര്യത്തിൽ ചുറ്റുമതിൽ പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പകൽസമയത്തു പോലും ഇവിടം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടേയും താവളമാണ്. നാലുവർഷം മുമ്പ് പോർട്ട് ഉദ്യാഗസ്ഥരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവവും ഇവിടെ ഉണ്ടായിരുന്നു.
ആർക്കും നുഴഞ്ഞുകയറാം
വാർഫിന് സമീപം സുരക്ഷ ഇല്ലാത്തതിനാൽ വിഴിഞ്ഞത്ത് കടൽ വഴി ആർക്കും നുഴഞ്ഞുകയറാവുന്ന അവസ്ഥയാണ്. ബ്രേക്ക് വാട്ടർ ആയതിനാലും മതിൽ ഇല്ലാത്തതിനാലും കടലിൽ നിന്നും ബോട്ടിലോ വള്ളത്തിലോ ഇവിടെ എത്തി ഇതുവഴി കരയ്ക്കു കയറാം. രാത്രിയായാൽ ഇവിടം ഇരുട്ടിന്റെ പിടിയിലാണ്. പരിശോധനകളും പട്രോളിംഗ് കുറവായതും ആശങ്ക വർദ്ധിപ്പിക്കുന്നു.
ഐ.എസ്.പി.എസ് കോഡ് നടപ്പിലാക്കുന്നതിന്റെ പ്രാഥമികഘട്ടമെന്ന നിലയ്ക്കാണ് ഇവിടെ ലക്ഷങ്ങൾ ചെലവഴിച്ച് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചത്. എന്നാൽ ഒരു വിഭാഗത്തിന്റെ എതിർപ്പു മൂലം ഗേറ്റ്പൂട്ടാൻ കഴിഞ്ഞിരുന്നില്ല. ഈ ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള ജോലികളാണ് ഇവിടെ പുരോഗമിക്കുന്നത്.
സഞ്ചാരികൾ അടുക്കുന്ന തീരം
ഈ വാർഫിലാണ് വിനോദ സഞ്ചാരികളുമായി കപ്പലുകൾ അടുക്കുന്നത്. തീരസൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷവും സുരക്ഷയില്ലായ്മയുമാണ്. മുൻ കാലങ്ങളിൽ ഇവിടെ ധാരാളം വിനോദസഞ്ചാരികൾ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ പലരും മുഖംതിരിക്കുകയാണ്. മാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുന്നതും ഈ വാർഫിൽ നിന്നായിരുന്നു. ഇവിടെ എമിഗ്രേഷൻ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയില്ല.
നിക്ഷേപിക്കുന്നത്: 2100 ടെട്രാപോഡുകൾ
നിർമ്മാണ ചെലവ്: ഏഴരക്കോടിയോളം
പുതിയ വാർഫിലും പുലിമുട്ട്.
നിക്ഷേപിക്കുന്നത്: 1300 ടെട്രാപോഡുകൾ
നിർമ്മാണ ചെലവ്: 3 കോടി.
രണ്ടു വാർഫിലുമായി ചെലവ്: 11 കോടിയോളം