തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിലെ ചരിത്ര പ്രസിദ്ധമായ ഉറൂസിന് കൊടിയേറി. തക്ബീർ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പള്ളി മിനാരത്തിലെ അലങ്കരിച്ച കൊടിമരത്തിൽ ദുബായിൽ നിന്ന് കൊണ്ടുവന്ന ഇരുവർണ കൊടികൾ ഉയർന്നു. ജമാഅത്ത് പ്രസിഡന്റ് ഹലാലുദ്ദീനാണ് പതാക ഉയർത്തിയത്. രാവിലെ എട്ടിന് ബീമാപള്ളി ഇമാം മാഹീൻ അബുബേക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ ആരംഭിച്ചു. തുടർന്ന് അണിയിച്ചൊരുക്കിയ കുതിരകളുടെയും മുത്തുക്കുടകളുടെയും ചന്ദനക്കുടത്തിന്റെയും അകമ്പടിയോടെ പുറപ്പെട്ട പട്ടണപ്രദക്ഷിണം ജോനക പൂന്തുറ, മാണിക്യവിളകം വഴി 10.30യോടെ ബീമാപള്ളിയിൽ തിരിച്ചത്തെി.

10.30 ന് ചീഫ് ഇമാം സെയ്യിദ് മുത്ത്‌കോയ തങ്ങളുടെ മുഖ്യ കാർമ്മികത്വത്തിലുള്ള പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു പതാക ഉയർത്തൽ. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ജി.ആർ. അനിൽ,​ മുൻ എം.എൽ.എമാരായ വി.എസ്. ശിവകുമാർ വി. സുരേന്ദ്രൻപിള്ള, ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ മതപ്രഭാഷണങ്ങൾ നടക്കും. ഉറൂസിനോട് അനുബന്ധിച്ച് ഇന്നലെ നഗരസഭാ പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചിരുന്നു.

നിയന്ത്രണത്തോടെ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. നിരീക്ഷണ കാമറകൾ സ്ഥാപിച്ച് കൺട്രോൾ റൂം പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് കൺട്രോൾ റൂമിന്റെ ചുമതല നൽകി എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംവിധാനം ഉത്സവ മേഖലയിൽ ഉണ്ടാവും. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ആരംഭിച്ചു. ഉത്സവ മേഖലയിൽ മെഡിക്കൽ ടീമിന്റെയും ആംബുലൻസിന്റെയും സേവനം ലഭ്യമാക്കും.