തിരുവനന്തപുരം: വാർദ്ധക്യസഹജമായ അവശതയുണ്ടായിരുന്നെങ്കിലും അച്ഛൻ സി.വി. ത്രിവിക്രമൻ ഇത്രവേഗം തങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ലെന്ന് മക്കളായ ലക്ഷ്മിയും പാർവതിയും. സ്നേഹനിധിയായ അച്ഛന്റെ വിയോഗം ഇവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. മരണവാർത്തയറിഞ്ഞ് കേരളത്തിലെ സാംസ്കാരിക പ്രമുഖരുടെ നിത്യസന്ദർശന കേന്ദ്രമായിരുന്ന മെഡിക്കൽ കോളേജ് റോഡ് നവരംഗം ലെയിനിലുള്ള ഭാനുമതിയെന്ന വീട്ടിലേക്ക് നിരവധി പേരാണ് അണമുറിയാതെ എത്തിക്കൊണ്ടിരുന്നത്. അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നവർക്ക് മുന്നിൽ രണ്ടു മക്കളും വിങ്ങിപ്പൊട്ടി.
ബുധനാഴ്ച പുലർച്ചയോടെയാണ് ത്രിവിക്രമന്റെ ആരോഗ്യം മോശമായത്. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചു. വയലാർ സാംസ്‌കാരിക വേദിയുടെ നിർണായകമായ പല ചർച്ചകൾക്കും വേദിയായ വീടുകൂടിയാണ് ത്രിവിക്രമന്റേത്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ലളിതയുടെ അമ്മയുടെ പേരാണ് വീടിനും നൽകിയത്. മക്കളെ സ്വതന്ത്രമായി കാണാനാണ് അച്ഛൻ ആഗ്രഹിച്ചതെന്നും ഒരിക്കലും കാർക്കശ്യം കാട്ടിയിട്ടില്ലെന്നും മൂത്തമകൾ ലക്ഷ്മി പറഞ്ഞു. എല്ലാവരെയും സഹായിക്കുന്ന പ്രകൃതം. അതുകൊണ്ടുതന്നെ സൗഹൃദങ്ങൾക്ക് അതിരില്ലായിരുന്നു.കുട്ടിക്കാലം മുതൽ വീട്ടിൽ നടക്കുന്ന സാഹിത്യചർച്ചകൾ കേട്ടാണ് വളർന്നത്. അച്ഛന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ അമ്മയുടെ പൂർണ പിന്തുണയുണ്ടാകും.
"വയലാർ രാമവർമ്മയടക്കമുള്ള എഴുത്തുകാരുമായുള്ള ബന്ധത്തെപ്പറ്റിയൊക്കെ നിരവധി കഥകൾ അച്ഛനിൽ നിന്ന് അറിഞ്ഞിട്ടുണ്ട്. തഴവയിലെ അച്ഛന്റെ വീടിന്റെ തട്ടിൻപുറത്ത് തോപ്പിൽ ഭാസി, ആർ. ശങ്കരനാരായണൻ തമ്പി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞ കഥയും അക്കൂട്ടത്തിലുണ്ട്. ഓർമക്കുറിപ്പുകൾ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു, അത് പൂർത്തിയാക്കാതെയാണ് മടക്കം" - ലക്ഷ്മി പറഞ്ഞു.
ചന്ദ്രകളഭം പാടി ഉറങ്ങി
"ഇന്നലെ പുലർച്ചെ അസ്വസ്ഥനായി അച്ഛൻ ചുമയ്ക്കുന്നത് കേട്ടാണ് മുറിയിലേക്ക് എത്തിയത് " മകൾ മാലാ പാർവതി പറഞ്ഞു. "സമയം 3.30.കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനിടെ പെരുമ്പടവത്തിനോടും ദത്തൻ മാഷിനോടും എന്നപോലെ വയലാറിനെക്കുറിച്ച് സംസാരിച്ചു. കാനായി ശില്പം ചെയ്‌തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറഞ്ഞു. വയലാറിന്റെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന പാട്ടിലെ ഈ മനോഹര തീരത്ത് തരുമോ. എന്ന ഭാഗം കുറേ ആവർത്തി പറഞ്ഞു. അസ്വസ്ഥത കണ്ടപ്പോഴാണ് ആംബുലൻസ് വിളിച്ചത്. അപ്പോൾ സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടവുന്നതിനിടയിൽ മയങ്ങി, ഉറങ്ങി" -