തിരുവനന്തപുരം: വഴയിലയിൽ ചൊവ്വാഴ്ചയുണ്ടായ ബൈക്കപകടത്തിൽ മരിച്ച സൃഹൃത്തുക്കൾക്ക് നാടിന്റെ യാത്രമൊഴി. മരണത്തിലും ഒപ്പം ചേർന്ന മൂന്ന് ചങ്ങാതിമാർക്ക് സഹപാഠികളും നാട്ടുകാരും അന്ത്യോപചാരമർപ്പിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത്. പൊതുദർശനത്തിനുശേഷം ഉച്ചയ്‌ക്ക് 2ന് സംസ്‌കരിച്ചു. വഴയില സ്വദേശി ടെഫിന്റെ മൃതദേഹം മലമുകൾ പെന്തക്കോസ്തു മിഷൻ പള്ളി സെമിത്തേരിയിലും സിദ്ധാർത്ഥിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലും വിനീഷിന്റെ മൃതദേഹം കാച്ചാണി കളത്തുകാലിലെ വീട്ടുവളപ്പിലുമാണ് സംസ്‌കരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ വഴയില പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.