
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടിടത്തായി പിടികൂടിയ ഇരുതലമൂരികളെ വനംവകുപ്പിന് കൈമാറി. കാട്ടാക്കട കട്ടക്കോട് റോഡിൽ സഫർ ലോഡ്ജിനു സമീപം സുധീറിന്റെ വീടായ എസ്.എസ് മൻസിലിന് മുന്നിൽ നിന്നും മലയം സ്‌കൂളിന് സമീപം നീലിയറത്തലയ്ക്കൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ വീട്ടിനു മുന്നിലുമാണ് ഇരുതലമൂരികളെ കണ്ടെത്തിയത്. ആദ്യം പാമ്പെന്ന് കരുതി ഭയന്നെങ്കിലും പിന്നീട് വീട്ടുകാർതന്നെ ഇവയെ പിടികൂടി കുപ്പിയിലാക്കി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ പാമ്പുപിടിത്തക്കാരനായ രതീഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പിടികൂടിയത് ഇരുതലമൂരിയാണെന്ന് വീട്ടുകാർക്കും മനസിലായത്. കാട്ടാക്കട പ്രദേശത്ത് നിന്ന് പിടികൂടിയ രണ്ടു മൂർഖൻ പാമ്പിനെയും രതീഷ് ഇതോടൊപ്പം വനം വകുപ്പിന് കൈമാറി. ഒരു വയസോളം പ്രായമുള്ള കുഞ്ഞു ഇരുതലമൂരിയാണ് കാട്ടാക്കടയിൽ നിന്ന് പിടികൂടിയത്. മലയത്തു നിന്ന് പിടികൂടിയ ഇരുതലമൂരിക്ക് മൂന്നര മീറ്ററോളം നീളമുണ്ട്. ഇവയെ പിന്നീട് കാട്ടിൽ തുറന്നുവിടും.