1

പള്ളിപ്പുറത്ത് അഴിഞ്ഞാടിയത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ

പോത്തൻകോട്: കേസുകൊടുത്തതിന്റെ വൈരാഗ്യം തീർക്കാൻ വീട്ടിൽ അതിക്രമിച്ചുകയറിയ ക്രിമിനൽസംഘം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്ത്രീകളെയും അയൽവാസികളെയും വാൾ കാട്ടി ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പള്ളിപ്പുറത്ത് മൊബൈൽ ഷോപ്പുനടത്തുന്ന മനാഫിന്റെ വീട്ടിലാണ് നിരവധി കേസുകളിൽ പ്രതിയായ പള്ളിപ്പുറം സ്വദേശി ഷാനു എന്ന ഷാനവാസിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ആദ്യമെത്തിയത്. കഴിഞ്ഞ സെപ്തംബറിൽ മനാഫിന്റെ കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽക്കഴിയുന്ന പ്രതിയാണ് ഷാനവാസ്.

അക്രമികൾ എത്തിയ സമയത്ത് മനാഫ് വീട്ടിലുണ്ടായിരുന്നില്ല. ഇതോടെയാണ് അവിടെയുണ്ടായിരുന്ന സ്ത്രീകളെ വാൾകാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. തുടർന്ന് പള്ളിപ്പുറം പാച്ചിറ പുതുവൽ ഭാഗത്തെ വീടുകൾ കയറിയിറങ്ങിയ സംഘം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പുതുവൽ വീട് സ്വദേശികളായ റംല ബീവി, നൗഫൽ എന്നിവർ പൊലീസിൽ പരാതി നൽകി.

ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ മനാഫ് സി.സി.ടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഷാനവാസ് എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണിയാൾ. ആക്രമണങ്ങൾക്ക് ശേഷം ഒളിവിൽ പോകുന്ന പ്രതി പിന്നീട് കോടതിയിൽ കീഴടങ്ങുകയാണ് പതിവ്. പൊലീസുകാരുമായി ഇയാൾക്കുള്ള ബന്ധം കാരണമാണ് പ്രതിയെ പിടികൂടാത്തതിന് കാരണമെന്നാണ് ആക്ഷേപം. എന്നാൽ ഷാനവാസിനും സംഘത്തിനുമായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.