mm

വർക്കല: വർക്കല ശിവഗിരി റെയിൽവേസ്റ്റേഷനിൽ നിന്ന് യാത്രയ്ക്ക് ടിക്കറ്റെടുക്കണമെങ്കിൽ ഏറെ നേരം കാത്തുനിൽക്കണം. എത്ര തിരക്കുണ്ടായാലും ആകെ പ്രവർത്തിക്കുന്നത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണ്. നിലവിൽ മൂന്ന് കൗണ്ടറുകൾ ഉണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ കൗണ്ടറിന് മുന്നിൽ വലിയ നിരതന്നെ പലപ്പോഴും കാണാം. ടിക്കറ്റെടുക്കാനുള്ളവരുടെ നിര ബുക്കിംഗ് ഓഫീസ് കെട്ടിടത്തിന് പുറത്തേക്കുവരെ നീളുന്നതും പതിവ് കാഴ്ചയാണ്. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് ടിക്കറ്റെടുക്കാൻ കഴിയാതെ പലർക്കും യാത്ര മുടങ്ങാറുമുണ്ട്. യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിമാത്രമില്ല. എന്നാൽ ഇത്രയും തിരക്കുള്ള സമയത്തുപോലും ഒരു കൗണ്ടർകൂടി പ്രവർത്തനസജ്ജമാക്കാൻ അധികൃതർ തയാറാകാത്തതും പ്രതിഷേധത്തിന് കാരണമാകുന്നു. കൂടുതൽ കൗണ്ടറുകൾ തുറന്ന് ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ പൊതുവേയുള്ള ആവശ്യം.

**യാത്രക്കാരുടെ നീണ്ട നിര

രാവിലെ 6.30 മുതൽ 9.30 വരെയുള്ള സമയത്താണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്.

കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുകയും ജനറൽ കോച്ചുകളും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കുകയും ചെയ്തതോടെയാണ് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചത്. കൗണ്ടറിൽനിന്ന് നേരിട്ട് ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരുടെ എണ്ണവും ദിവസവും കൂടി വരികയാണ്. രാവിലെ എട്ടുമണിവരെ കറന്റ് റിസർവേഷനുമുണ്ട്. എല്ലാത്തിനുമായി ഒരു കൗണ്ടർ മാത്രമാണ് തുറക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ടിക്കറ്റെടുക്കാനുള്ള യാത്രക്കാരുടെ നീണ്ട നിര പ്ലാറ്റ്ഫോം വരെയെത്തി.

**ടിക്കറ്റ് കിട്ടാതെ മടക്കം

സർക്കാർ- അർദ്ധ സർക്കാർജീവനക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വർക്കലയിൽ നിന്നും ട്രെയിൻ യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരാണ് യഥാസമയം ടിക്കറ്റ് ലഭിക്കാതെ നട്ടം തിരിയുന്നത്. ആശുപത്രികളിൽ രോഗികളുമായി പോകേണ്ടവർ പലപ്പോഴും ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്.

**ടൂറിസം കേന്ദ്രം കൂടിയായ വർക്കലയിൽ നിരവധി വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. ഇവരും ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റ് എടുക്കുന്നതിനായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ്. യഥാസമയം ടിക്കറ്റ് ലഭിക്കാത്തതിനാൽ യാത്രക്കാരും കൗണ്ടറിലെ ജീവനക്കാരും തമ്മിൽ പലപ്പോഴും വാക്കുതർക്കങ്ങളും ഉണ്ടാകുന്നതും ഇവിടെ പതിവാണ്.

പ്രതികരണം-വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിലെ മുഴുവൻ ടിക്കറ്റ് കൗണ്ടറുകളും രാവിലെ തന്നെ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം.

അജയൻ ചെറുകുന്നം,(റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി)

പ്രതികരണം: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിലെ മൂന്ന് ടിക്കറ്റ് കൗണ്ടറുകളിൽ നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ ഒരു കൗണ്ടർ കൂടി പ്രവർത്തനസജ്ജമാക്കാറുണ്ട്. ജീവനക്കാരുടെ കുറവാണ് മുഴുവൻ കൗണ്ടറുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള തടസ്സം നേരിടുന്നത്. ജീവനക്കാരുടെ കുറവ്പരിഹരിക്കുന്നതിന് വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. എം.ശിവാനന്ദൻ, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ മാനേജർ