
ശിവഗിരി : മുമ്പ് അലമാരയുടെ വലുപ്പമുണ്ടായിരുന്ന കമ്പ്യൂട്ടറുകളാണ് ശാസ്ത്രത്തിന്റെ വളർച്ചയിൽ മൊബൈൽ ഫോണിന്റെ വലിപ്പത്തിലേക്ക് മാറിയതെന്നും, ഭാവിയിൽ കമ്പ്യൂട്ടറുകൾ മനുഷ്യ ശരീരത്തിൽ സ്ഥാപിക്കാൻ കഴിയുന്ന വിധത്തിലുള്ള മൈൻഡ് കമ്പ്യൂട്ടിംഗിലേക്ക് മാറാനാണ് സാദ്ധ്യതയെന്നും വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. സോമനാഥ് പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ശാസ്ത്ര സാങ്കേതിക സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ തലമുറ ശാസ്ത്രമേഖലയോട് അടുപ്പമുള്ളവരാകണം. കൃഷി മേഖലയിലെ വികാസം സാങ്കേതിക മേഖലയിലെ വളർച്ച കൊണ്ടാണ്. വിവരസാങ്കേതിക വിദ്യയിലെ വളർച്ചയാണ് മൊബൈൽ, ഇന്റർനെറ്റ് സംവിധാനത്തിലുണ്ടായ നേട്ടങ്ങൾക്ക് കാരണം. മനുഷ്യന്റെ ആയുർദൈർഘ്യം ഇനിയും വർദ്ധിക്കും. ഏതു മേഖലയിലും സാങ്കേതികത്വത്തിന്റെ വളർച്ചയിലൂടെ ഏറെ മുന്നോട്ടുപോകാനാവുന്ന കാലമാണ് വരാൻ പോകുന്നത്. ഡോക്ടറുടെ കഴിവിനേക്കാൾ കൂടുതൽ കമ്പ്യൂട്ടറുകളെ ആശ്രയിച്ചാണ് രോഗ നിർണ്ണയം പോലും
നടക്കുന്നത്. ശാസ്ത്രം ഇത്രയും പുരോഗമിക്കുന്നതിന് 25 കൊല്ലം മുൻപാണ് കൊവിഡ് ലോകത്തെ പിടി മുറുക്കിയതെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ.
ശാസ്ത്രത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിനൊപ്പം അശാസ്ത്രീയമായ കാര്യങ്ങളെ തിരിച്ചറിയുകയും വേണം. എന്തുകൊണ്ട് മനുഷ്യൻ റോക്കറ്റ് വിക്ഷേപിക്കണമെന്നും ഗോളാന്തര യാത്ര നടത്തണമെന്നും ചോദിക്കുന്നവരുണ്ട്. പണ്ട് ദിനോസറുകൾ ഉണ്ടായിരുന്നെന്നും പിന്നീട് അവ അപ്രത്യക്ഷമായെന്നും നമ്മൾ കേട്ടിട്ടുണ്ട്. ഉൽക്കയോ മറ്റോ ഭൂമിയിൽ ഇടിച്ചോ, അനന്തര ഫലങ്ങൾ കൊണ്ടോ അവ നാമാവശേഷമായതാവാം. ഇത്തരം ഉൽക്കാപതനം വീണ്ടും സംഭവിച്ചേക്കാം. ഇതിനുള്ള പരിഹാരം തേടണമെന്ന ചിന്തയാണ് ഭൂഖണ്ഡാന്തര യാത്രയും ഗോളാന്തരയാത്രയും ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. കണ്ടുപിടിക്കാനും എത്തിപ്പെടാനുമുള്ള മനുഷ്യന്റെ ത്വരയാണ് റോക്കറ്റ് വിക്ഷേപിക്കാനും അന്യഗ്രഹ യാത്ര നടത്താനും കാരണം-ഡോ. സോമനാഥ് പറഞ്ഞു.