തിരുവനന്തപുരം: കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൽ ആൻഡ് എഡുക്കേഷണൽ സൊസൈറ്റിയുടെ ഗ്ലോബൽ എക്സലെൻസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രതിനിധികൾക്കുള്ള പുരസ്‌കാരത്തിന് എം.എൽ.എമാരായ അഡ്വ.എം.വിൻസെന്റ്, യു.പ്രതിഭ ഹരി, ഷാഫി പറമ്പിൽ എന്നിവർ അർഹരായി. മാദ്ധ്യമ മേഖലയിലുൾപ്പെടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കാണ് പുരസ്കാരം. 19ന് വൈകിട്ട് 3ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മാദ്ധ്യമ പുരസ്‌കാരങ്ങൾ മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണം ചെയ്യും. സൊസൈറ്റി ചെയർമാൻ പായിച്ചിറ നവാസ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, കെ.മുരളീധരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ പങ്കെടുക്കും.