vijayakumar

കല്ലമ്പലം: പറമ്പിൽ വാഴയിലെ വെട്ടാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. നാവായിക്കുളം കുടവൂർ നന്ദനം വീട്ടിൽ വിജയകുമാറിനാണ് (59) പരിക്കേറ്റത്. ഇന്നലെ രാവിലെ 6ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തേക്കുള്ള ഉച്ചഭക്ഷണം പൊതിയാനുള്ള വാഴയില വെട്ടാൻ പറമ്പിലെത്തിയപ്പോഴായിരുന്നു ആക്രമണം. കൂട്ടമായെത്തിയ നായ്ക്കളെ എറിയാൻ കല്ലെടുത്തപ്പോൾ ഓടിവന്ന പന്നി തേറ്റകൊണ്ട്‌ വിജയകുമാറിനെ ഇടിച്ചിടുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനും കാൽമുട്ടിനും പരിക്കുണ്ട്.

നിലത്തുവീണ വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടവൂരിലെ കർഷകൻ രവി,​ പത്ര വിതരണം ചെയ്യുന്ന ഷാജി എന്നിവർ ഇന്നലെ പന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.