cpi

തിരുവനന്തപുരം: ഇടതുപാർട്ടികളിൽ നിന്ന് വിട്ടുവരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വവും ഉചിതമായ സ്ഥാനങ്ങളും നൽകണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ നിർദ്ദേശം. സി.പി.എം വിട്ടുവരുന്നവർക്ക് നേരിട്ട് അംഗത്വം നൽകുന്ന രീതി സി.പി.ഐ നേരത്തേ മുതൽ പിന്തുടർന്നുവരുന്നുണ്ട്. ഇത് ഇടതുപാർട്ടികൾക്കാകെ ബാധകമാക്കാമെന്ന ധാരണയാണ് ഇന്നലെ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായത്. ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്തിൽ സമീപകാലത്തായി 17 പേർ സി.പി.എമ്മിൽ നിന്ന് രാജിവച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. ഇതിന്റെ റിപ്പോർട്ടിംഗിനിടെയാണ് ഇടതുപാർട്ടികളിൽ നിന്ന് കൂടുതൽ പേർ സി.പി.ഐയിലേക്ക് വരുന്ന സാഹചര്യം ചർച്ചയായത്. ഇടുക്കി ജില്ലയിൽ സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനും സി.പി.ഐയിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാണ്.