road

വിതുര: വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിൽ ചാരുപാറ മുതൽ ചായം വരെയുള്ള റോഡിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ മുഖം തിരിക്കുന്നതായി ആക്ഷേപം. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ പേരയത്തുപാറയിൽ നിന്നും ചാരുപാറ-ചായം വഴി പാലോട്ടേക്ക് പോകുന്ന പ്രധാന റോഡാണിത്. പാലോട്, നന്ദിയോട് ഭാഗത്തേക്ക് എളുപ്പത്തിൽ പോകുന്നതിനായി നൂറുകണക്കിന് യാത്രക്കാർ സഞ്ചിരിക്കുന്ന റോഡ് കൂടിയാണ് ചായം-ചാരുപാറ റോഡ്. അമിതവേഗവും അശ്രദ്ധയും ചിലമേഖലകളിലുള്ള റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായത്. ടിപ്പർ ലോറികൾ മുതൽ ബൈക്കുകൾ വരെ ഇതുവഴി അമിതവേഗതയിലാണ് പായുന്നത്. വിതുരയിലെയും സമീപ പ്രദേശങ്ങളിലേയും സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാത്രമല്ല പാലോട്, നെടുമങ്ങാട്, ആര്യനാട് ഭാഗത്തേക്കായി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. നേരത്തേ ചായം ഭദ്രകാളിക്ഷേത്ര ജംഗ്ഷന് സമീപത്തുവച്ച് സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചിരുന്നു. മാത്രമല്ല എം.ജി.എം പൊൻമുടി വാലി സ്കൂളിന് സമീപം ഓട്ടോറിക്ഷ കുഴിയിൽ വീണ് നാലു പേർക്ക് പരുക്കേറ്റിരുന്നു. അനവധി അപകടങ്ങൾ അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ടിപ്പറുകളും ബൈക്കുകളും ചീറിപ്പായുന്നു
ഈ റോഡിൽ ടിപ്പറുകളും ബൈക്കുകളും അമിത വേഗതയിൽ പായുന്നതായാണ് പരാതി. ടിപ്പറുകളുടെയും ബൈക്കുകളുടെയും ആധിക്യവും അമിതവേഗവും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. ബൈക്ക് റേസിംഗ് സംഘങ്ങളും റോഡിൽ വിലസുന്നുണ്ട്. ബൈക്കിൽ അമിതവേഗതയിൽ എത്തിയ യുവ സംഘം കാൽനടയാത്രികരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ട്. വിതുര പൊലീസിന്റെ സത്വര ശ്രദ്ധ ഈ ഭാഗത്തേക്ക് പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കൈയേറ്റം വ്യാപകം
ഈ റൂട്ടിൽ പുറമ്പോക്ക് ഭൂമി കൈയേറി വ്യാപകമായി നിർമ്മാണം നടത്തിയിരിക്കുന്നതും ദൃശ്യമാണ്. ചെറ്റച്ചൽ -വെള്ളനാട് സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചില മേഖലകളിൽ ഭൂമി ഇടിച്ചെങ്കിലും മറ്റിടങ്ങളിൽ പുറമ്പോക്ക് ഒഴിപ്പിച്ചില്ലെന്നും പരാതിയുണ്ട്. മാത്രമല്ല റോഡിൽ നിരവധി അപകടവളവുകളുമുണ്ട്. ഇത്തരം വളവുകളിൽ പുറംപോക്ക് കൈയേറ്റം ഒഴിപ്പിക്കാത്തതുമൂലം റോഡിന് വേണ്ടത്ര വീതി ഇല്ലാത്ത അവസ്ഥയിലാണ്. ഇത്തരം മേഖലകളിലും അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്.