ആര്യനാട്: പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ആര്യനാട് ആശുപത്രി പരാധീനതകളുടെ നടുവിൽ. ദിവസേന നിരവധി കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിതീകരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ പ്രധാന ആശുപത്രിയ്ക്കാണീ ദുരവസ്ഥ. കൊവിഡുമായി ബന്ധപ്പെട്ട റാപ്പിഡ് ടെസ്റ്റുകൾ നടത്തിയപ്പോൾ സമൂഹ അകലം പോലും പാലിക്കാനുള്ള സൗകര്യം പൊലും ഇവിടെയില്ല. മന്ത് രോഗനിവാരണത്തിനായാണ് ആശുപത്രി ആരംഭിച്ചതെങ്കിലും മിനി പ്രെമറി ഹെൽത്ത് സെന്ററായും പിന്നീട് പ്രൈമറി ഹെൽത്ത് സെന്ററായും മാറുകായായിരുന്നു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും അതിലേക്ക് ആവശ്യമായ ഡോക്ടർമാരുടെയും നാഴ്സുമാരുടെയും തസ്തികകൾ പോലുംഅനുവദിച്ച് കിട്ടിയില്ല.
സമ്പത്ത് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് പാലിയേറ്റീവ് കെയർ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാവൂ എന്നിരിക്കേ അത്യാഹിതമായി വരുന്ന രോഗികൾക്ക് അംബുലൻസ് സേവനവും ലഭ്യമല്ല. നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആദിവാസികൾ ഉൾപ്പടെ 750ൽ അധികം രോഗികളാണ് ദിനം പ്രതി ആശുപത്രിയിൽ ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രിക്കാണ് ഈ അവസ്ഥ.
**ഐ.പി വിഭാഗത്തിൽ 20 രോഗികളെ പോലും കിടത്തിചികിത്സിക്കാൻ കഴിയാത്ത സ്ഥിതി
**അപകടത്തിൽ പരിക്കുകൾ പറ്റിവന്നാൽ ജില്ലാ ആശുപത്രിയിലോ, മെഡിക്കൽ കോളേജിലേക്കോ റഫർചെയ്യും
**ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം കൂട്ടിയിട്ട് കത്തിക്കുന്നു
പദ്ധതി വന്നിട്ടും
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികെട്ടിടം നിർമ്മിക്കുന്നതിനായി ആനന്ദേശ്വരത്ത് 2014-15 പദ്ധതിയിൽ ഉൾപ്പെടുത്തി 25 സെന്റ് വസ്തു 25 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയിരുന്നു. ഇതിൽ ബഹുനില മന്ദിരം നിർമ്മിച്ച് കിടത്തിചികിത്സാ വിഭാഗം ഇവിടേയും ഒ.പി വിഭാഗം ആശുപത്രിയിലും നിലനിറുത്താമെന്നായിരുന്നു ധാരണ. പ്രാഥമിക ആരോഗ്യ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി മാറിയതോടെ ആശുപത്രിയുടെ നടത്തിപ്പിന്റെ ചുമതല ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്ന വാദമാണ് പഞ്ചായത്ത് ഉയർത്തുന്നത്. നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയുടെ ശോചനീയമായ അവസ്ഥയിൽ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ.
സി.എച്ച്.സി ആയിട്ടും ഡോക്ടർ മൂന്ന് നാഴ്സ് ഒന്ന്
ആശുപത്രി സി.എച്ച്.സി ആക്കി ഉയർത്തിയിട്ട് വർഷം പത്ത് കഴിഞ്ഞെങ്കിലും ആകെയുള്ളത് മൂന്ന് ഡോക്ടർമാരും ഒരു സ്റ്റാഫ് നാഴ്സും. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്. നിലവിൽ ഉണ്ടായിരുന്ന നാഴ്സുമാരെ കൊറോണ കേന്ദ്രങ്ങളിൽ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചു. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഏഴ് ഡോക്ടർമാരുടെ സേവനം വരെ ലഭ്യമാകുന്നുണ്ട്. നിലവിൽ രണ്ട് പേരാണ് സ്ഥിരം ഡോക്ടർമാരായി ഉള്ളത്. രാത്രികാലങ്ങളിൽ ചിലപ്പോൾ ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയാണ്. ദിവസ വേതനാടിസ്ഥാനത്തിലുള്ള രണ്ട് ഡോക്ടർമാരും മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരും മാത്രമാണുള്ളത്. അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിച്ചാലെ ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
ആംബുലൻസ് പോലും ഇല്ല
അത്യാഹിതമുണ്ടായി ഈ ആശുപത്രിയിലേക്ക് എത്തുന്നവർക്ക് സ്വകാര്യ ആംബുലൻസിനെ ആശ്രയിക്കുകയേ നിവർത്തിയുള്ളൂ.' ഒരു 108 ആമ്പുലൻസ് ഉണ്ടെങ്കിലും ഏത് അത്യാഹിതം ഉണ്ടായാലും ഗ്രാമീണ മേഖലയിലെല്ലായിടവും ഈ ആമ്പുലൻസ് വേണം ഉപയോഗിക്കാൻ '
** പ്രതികരണം.
ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനായി ആനന്ദേശ്വരത്ത് വാങ്ങിയവസ്തുവിൽ എം.പി, എം.എൽ.എ, മറ്റ് സർക്കാർ ഇതര ഫണ്ടുകൾ ഉപയോഗിച്ച് ബഹുനില മന്ദിരം പണിഞ്ഞ് വികസനം സാധ്യമാക്കണം.
ആർ.എസ്.ഹരി
ആശുപത്രി വികസന സമിതി അംഗം