
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖഗാന്ധിയനും ബി.ജെ.പി നേതാവുമായിരുന്ന അഡ്വ.കെ.അയ്യപ്പൻപിള്ളയ്ക്ക് തലസ്ഥാനം യാത്രാമൊഴി നൽകി. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ഔദ്യോഗിക ബഹുമതികളോടെ അയ്യപ്പൻപിള്ളയുടെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കരിച്ചു. മകൻ അനൂപ്കുമാറാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിനുവച്ച ഭൗതികശരീരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ജെ.പി. നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള, കുമ്മനം രാജശേഖരൻ, പി.പി.മുകുന്ദൻ, ജോർജ് കുര്യൻ, പി.സുധീർ, എം.ഗണേഷ്, എ.എൻ.രാധാകൃഷ്ണൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ, കോൺഗ്രസ് നേതാവ് എം.എം.ഹസൻ, സി.പി.ഐ. നേതാവ് സി.ദിവാകരൻ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. രാവിലെ 10 ന് നഗരസഭയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രിമാരായ ആന്റണിരാജു, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, വിവിധ സ്റ്റാൻഡിംഗ് സമിതി ചെയർമാന്മാർ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് ബാർ അസോസിയേഷനിലും പൊതുദർശനമുണ്ടായി.ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിൽ നിന്ന് വിലാപയാത്രയായാണ് ശാന്തികവാടത്തിലേക്ക് അയ്യപ്പൻപിള്ളയെ യാത്രയാക്കിയത്.
മൂല്യങ്ങളിൽ അടിയുറച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു അയപ്പൻ പിള്ള :വി.മുരളീധരൻ
ഒരു നൂറ്റാണ്ടുകാലം തിരുവനന്തപുരത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട് തന്റെ മൂല്യങ്ങളിൽ അടിയുറച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു അയ്യപ്പൻ പിള്ളയുടേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രായഭേദമില്ലാതെ എല്ലാപേരെയും സ്‌നേഹത്തിന്റെയും കാർക്കശ്യത്തിന്റെയും രീതിയിൽ നേർവഴിക്ക് അദ്ദേഹം നയിച്ചു. അയ്യപ്പൻപിള്ള കാണിച്ചുതന്ന പാത പൊതുപ്രവർത്തകർക്കുമാത്രമല്ല സാധാരണക്കാർക്കും അനുകരണീയമായതാണ്. ആ വഴിയിലൂടെ മന്നോട്ടപോവുക എന്നതാണ് ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്നും വി.മുരളീധരൻ പറഞ്ഞു.