
വെഞ്ഞാറമൂട്: കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി നൽകി എക്സൈസ് ഉദ്യോഗസ്ഥർ. വാമനപുരം എക്സൈസ് സംഘത്തിനാണ് ബുധനാഴ്ച രാവിലെ വാമനപുരം ജംഗ്ഷനിൽ നിന്നും റേഷൻ കാർഡ്, എ.ടി.എം കാർഡ്, 5020 രൂപ, മറ്റു രേഖകൾ എന്നിവ അടങ്ങിയ പേഴ്സാണ് കളഞ്ഞു കിട്ടിയത്. ആനാകുടി പേഴുംമൂട് കടയിൽ വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ വസുന്ധരന്റെ പണവും രേഖകളും അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. വാമനപുരം ജംഗ്ഷനിലെ എ.ടി.എമ്മിൽ നിന്ന് പണം എടുത്തശേഷം ഭാര്യയുടെ പെൻഷൻ സംബന്ധമായ പേപ്പറുകൾ ശരിയാക്കുന്നതിനായി വാമനപുരം പഞ്ചായത്ത് ഓഫീസിൽ പോയി മടങ്ങും വഴിയാണ് വസുന്ധരന്റെ കൈയ്യിലുണ്ടായിരുന്ന പണവും മറ്റു കാർഡുകളും അടങ്ങുന്ന കവർ നഷ്ടപ്പെട്ടത്. കവറിലെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ബാങ്കിൽ നിന്നും വസുന്ധരന്റെ ഫോൺനമ്പർ കണ്ടെത്തി എക്സൈസ് ഓഫീസിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാർ പണവും രേഖകളും വസുന്ധരന്ന് കൈമാറുകയായിരുന്നു.