
ബാലരാമപുരം: ബാലരാമപുരം, കല്ലിയൂർ പഞ്ചായത്തിലെ വാർഡുകളിൽ തെരുവുനായ്ക്കൾ നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നതായി പരാതി. ഒരു മാസത്തിനിടെ മുപ്പതോളംപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഭക്ഷണം കിട്ടാതെ അലഞ്ഞ് നടക്കുന്ന നായ്ക്കളാണ് വഴിയാത്രക്കാർക്ക് നേരെ ചാടി വീഴുന്നത്.  കഴിഞ്ഞമാസം ബാലരാമപുരംവെടിവെച്ചാൻകോവിൽ മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ കടിച്ചതിന് പിന്നാലെ ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്തും വഴിയാത്രക്കാരെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. അന്നേ ദിവസം രണ്ട് മണിക്കൂറാണ് നായ്ക്കൾ ബാലരാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം കല്ലിയൂർ പഞ്ചായത്തിലെ പെരിങ്ങമല കേളേശ്വരം ഭാഗത്തും ഇരുപതോളം പേരെ നായ്ക്കൾ ആക്രമിച്ചു. കടിയേറ്റവർ ശാന്തിവിള ആശുപത്രിയിലും ജനറൽ ഹോസ്പിറ്റലിലും ചികിത്സ തേടിയിരിക്കുകയാണ്.
താവളം മാലിന്യ കൂമ്പാരം
ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും ചാക്കുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളാണ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങൾ. ഇവയാണ് മനുഷ്യനുനേരെ ചാടിവീഴുന്നത്. വഴിയരികിൽ ഉപേക്ഷിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് ഇവരുടെ പ്രധാന കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത്. വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് അറുതിവരുത്താൻ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനേയും എം.എൽ.എയും ഫോണിൽ വിളിച്ച് പരാതി അറിയിച്ചു.
പ്രധാന കേന്ദ്രങ്ങൾ
എം.സി സ്ട്രീറ്റ്, പഴയകട ലൈൻ, ഐത്തിയൂർ, ആശുപത്രി റോഡ്, മണലി പ്രദേശം
""ബാലരാമപുരം, കല്ലിയൂർ പഞ്ചായത്തിൽ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പരിധിയിൽ തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇവയെ അമർച്ച ചെയ്യാൻ ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കണം. ചൂട് കാലത്താണ് നായ്ക്കളിൽ പേവിഷബാധയേൽക്കുന്നത്. ആരോഗ്യവകുപ്പ് ജാഗ്രതയോടെ ഇക്കാര്യത്തിൽ ഇടപെട്ട് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്തണം.""
അൽഫോൺസ്, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം