കിളിമാനൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്. കിളിമാനൂർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ ചിറ്റിലഴികം കൃഷ്‌ണതീർത്ഥത്തിൽ ചന്ദ്രശേഖരപിള്ളയ്‌ക്കാണ് (64) പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. വീട് നിർമ്മാണത്തിന്റെ ഭാഗമായി മഞ്ഞപ്പാറയിലെത്തിയ ചന്ദ്രശേഖരപിള്ള സമീപമുള്ള തോട്ടിൽ കാലു കഴുകുന്നതിനിടെയാണ് പന്നിയുടെ ആക്രമണമുണ്ടായത്. തേറ്റ കൊണ്ട് പന്നി വയറ്റിൽ കുത്തിമറിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആദ്യം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. ചാരുപാറ, മഞ്ഞപ്പാറ മേഖലയിൽ പന്നികളുടെ ആക്രമണം രൂക്ഷമാണ്.