omicron

 ആന്റിജൻ പരിശോധന വീണ്ടും തുടങ്ങണം

തിരുവനന്തപുരം: കൊവിഡ് വകഭേദമായ ഒമിക്രോണിലൂടെ സംസ്ഥാനത്തും കൊവിഡ് മൂന്നാംതരംഗമെന്ന് ആരോഗ്യവിദഗ്ദ്ധർ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നത് ഇതിന്റെ ഭാഗമാണ്. ഒമിക്രോണിന്റെ ഭാഗമായുള്ള വർദ്ധനവാണ് ഇപ്പോൾ പ്രകടമാകുന്നത്. എന്നാൽ ജനിതക പരിശോധനയ്ക്ക് വിധേയമാക്കുന്നത് തിരഞ്ഞെടുക്കുന്ന സാമ്പിളുകൾ മാത്രമാണ്. അതിൽ നിന്നാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. നിലവിൽ കൊവിഡ് പോസിറ്റീവാകുന്ന കേസുകളിലേറെയും ഒമിക്രോണായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.

വാക്‌സിനേഷൻ വ്യാപകമായതിന് പിന്നാലെ പരിശോധന ഗണ്യമായി കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന കൂട്ടിയതോടെയാണ് രോഗികളുടെ എണ്ണവും കൂടുന്നത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിശ്ചിത സാമ്പിളുകളുമാണ് പ്രധാനമായും ജനിതക പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിനുപകരം ഓരോ ജില്ലയിലും വ്യത്യസ്തമേഖലയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് സമൂഹത്തിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം എത്ര ശതമാനമാണെന്ന് കണ്ടെത്തുകയാണ് ഫലപ്രദമെന്നും വിദഗ്ദ്ധർ പറയുന്നു. നിറുത്തിവച്ചിരിക്കുന്ന ആന്റിജൻ പരിശോധന പുനഃരാരംഭിച്ചാൽ രോഗവ്യാപനം വേഗത്തിൽ കണ്ടെത്തി വ്യാപനം കുറയ്ക്കാനാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 18 വയസിന് മുകളിലുള്ളവരിൽ വാക്‌സിനേഷൻ ആദ്യഡോസ് 99 ശതമാനവും രണ്ടാംഡോസ് 81ശതമാനവും എത്തിയ സാഹചര്യത്തിൽ രോഗവ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

''രാജ്യത്ത് ഉടനീളമുള്ള ഒമിക്രോൺ വ്യാപനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും കേസുകൾ ഉയരുന്നത്. ഒമിക്രോൺ ഓരോന്നായി കണ്ടെത്തുന്നതിനെക്കാൾ സമൂഹത്തിൽ എത്ര ശതമാനമാണ് വ്യാപനമെന്ന് കണ്ടെത്തുന്നതാണ് ഫലപ്രദം.

-ഡോ.എൻ.എം.അരുൺ,

ആരോഗ്യവിദഗ്ദ്ധൻ

രോഗികളും ടി.പി.ആറും

(ഈമാസത്തെ കണക്ക്)

ജനുവരി 1

2435 -5%

ജനുവരി 2

2802 -5.5%

ജനുവരി 3

2560 -5.92%

ജനുവരി 4

3640 -5.04%

ജനുവരി 5

4801-6.75%

ജനുവരി 6

4649 -6.80%