
മലയിൻകീഴ് : മദ്യ ലഹരിയിൽ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയ ഒറ്റശേഖരമംഗലം ഇടവാൽ മാധവീയത്തിൽ എം.അരവിന്ദിനെ (25) മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 7 മണിയോടെ ബൈക്കിലെത്തിയ അരവിന്ദ് മാറനല്ലൂർ ചീനിവിള റോഡിലെ വീട്ടിൽ കടന്ന് അസഭ്യം പറയുകയും വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ചെയ്തു.തുടർന്ന് കണ്ടല സഹകരണ ആശുപത്രിയിലെത്തി സെക്യൂരിറ്റിക്കാരെയും മറ്റ് ജീവനക്കാരെയും തെറി വിളിച്ചു ശേഷം ,ആശുപത്രി ഫോൺ എറിഞ്ഞ് തകർത്തു.ആശുപത്രി അധികൃതർ മാറനല്ലൂർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് അരവിന്ദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരവിന്ദിന്റെ ബൈക്കിന്റെ താക്കോൽ ജീവനക്കാർ എടുത്ത് മാറ്റിയിരുന്നു. ചോദ്യം ചെയ്യലിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ അസഭ്യം വിളിച്ച് ബഹളമുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. നരുവാമൂട് ഭാഗത്ത് ഇയാൾ ഒരു വീടിനുനേരേ ആക്രമണം നടത്തിയ ശേഷമാണ് മാറനല്ലൂരിലെത്തിയത്. കോടതി പ്രതിയെ റിമാൻഡു ചെയ്തു.