gh

വർക്കല: മേൽവെട്ടൂരിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് ദേഹത്തുവീണ തൊഴിലാളി മരിച്ചു. പരവൂർ പോളച്ചിറ വാറുവിള

വീട്ടിൽ പരേതനായ രാജേന്ദ്രൻ - സുശീല ദമ്പതികളുടെ മകൻ സുബി എന്ന വികാസാണ് (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരവൂർ ഒഴുകുപാറ അതിരുവിള വീട്ടിൽ ഉണ്ണിയെ (48) ഗുരുതര പരിക്കുകളോടെ വർക്കല ശിവഗിരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം. വെട്ടൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ ഉദയനഗറിന് സമീപമുള്ള ബാബുവിന്റെ വീടിന് പിറകിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തെ കുന്നിന് മുകളിലായി ഉണ്ടായിരുന്ന കക്കൂസ് ഉൾപ്പെടെയുള്ള ഭാഗം ഉഗ്രശബ്ദത്തോടെ തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

അപകടസമയം വികാസും ഉണ്ണിയും താഴെ മതിലിനുള്ള കോൺക്രീറ്റ് ഇടുന്ന ജോലിയിലായിരുന്നു. ആറുപേർ ചേർന്നാണ് സംരക്ഷണഭിത്തി നിർമ്മാണത്തിനെത്തിയത്. മറ്റ് തൊഴിലാളികൾ സമീപത്തുനിന്ന് ഇവരെ സഹായിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് രണ്ടുപേരെയും പുറത്തെടുത്തത്.

കുഴഞ്ഞുവീണ വികാസിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഉടൻ വർക്കല ശിവഗിരി മിഷൻ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വികാസിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, സി.ഐ പ്രശാന്ത്, എസ്.ഐ അജിത്ത് കുമാർ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അഡ്വ.വി. ജോയി എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാലുവർഷം മുമ്പ് ബാബുവിന്റെ വീട് നിർമ്മാണത്തിലും ഇവർ ഉണ്ടായിരുന്നു. വികാസിന്റെ ഭാര്യ ശ്രീക്കുട്ടി. മക്കൾ: ആദിത്യൻ, അദ്വൈത്.