തിരുവനന്തപുരം: കരമന കിള്ളിപ്പാലത്ത് ജനവാസ മേഖലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ, ലൈസൻസില്ലാതെ നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ്. ഒാരോ പൊലീസ് സ്റ്റേഷൻ പരിധിയിലും, നിയമാനുസൃതം കോർപ്പറേഷന്റെ ലൈൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന കടകളെയും മറ്റു വ്യാപര സ്ഥാപനങ്ങങ്ങളെയും സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എല്ലാ എസ്.എച്ച്.ഒ മാർക്കും കമ്മീഷണർ ജി.സ്പർജൻ കുമാർ നിർദ്ദേശം നൽകി.ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിന് നഗരസഭ അധികൃതരുമായി ചേർന്ന് നടപടി സ്വീകരിക്കും.റോഡരികിൽ ഫുട്പാത്തുകളിൽ പൊതുജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തി കച്ചവടം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.എല്ലാ അനധികൃത കച്ചവടങ്ങൾക്കെതിരെയും പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.