വർക്കല: ട്രെയിൻ കടന്നുപോയ ശേഷവും റെയിൽവേ ഗേറ്റ് തുറക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ ഓട്ടോറിക്ഷയിൽ എത്തിയ കുടുംബത്തെ ഗേറ്റിനുള്ളിലാക്കി പൂട്ടിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ഗേറ്റ് കീപ്പറായ വർക്കല ഊന്നിൻമൂട് സ്വദേശി സതീഷ് കുമാറിനെയാണ് (44) അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച രാവിലെ 4.30ഓടെ പുന്നമൂട് റെയിൽവേ ഗേറ്റിലാണ് സംഭവം.
പുലർച്ചെയുള്ള ഏറനാട് എക്സപ്രസിൽ യാത്രചെയ്യാനെത്തിയ കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നാണ് വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ അമ്പലത്തിൽ വിളയിൽ മരിയൻ ഹൗസിൽ സാജൻ, ഭാര്യ ആദിത്യ, സാജന്റെ അമ്മ സൂസി എന്നിവർ ആലപ്പുഴയിലേക്ക് ട്രെയിൻ കയറാനെത്തിയത്. എന്നാൽ ഇവർ കയറിയ കോച്ച് മാറിപ്പോയി. വർക്കലയിൽ എത്തിയപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്ത കോച്ചിലേക്ക് മാറിക്കയറാൻ ഇവർ പുറത്തിറങ്ങിയെങ്കിലും ആദിത്യ കയറിയതിന് പിന്നാലെ ട്രെയിൻ സ്റ്റേഷൻ വിടുകയായിരുന്നു.
ഇതോടെ സാജനും മാതാവും സ്റ്റേഷനിൽ കുടുങ്ങി. കൊല്ലത്തെത്തുമ്പോൾ വീണ്ടും ട്രെയിനിൽ കയറാനായാണ് ഇരുവരും വർക്കല സ്റ്റേഷന് പുറത്ത് സർവീസ് നടത്തുന്ന ആശിഷിന്റെ ഓട്ടോയിൽ കയറിയത്. കൊല്ലം സ്റ്റേഷനിലേക്ക് യാത്രയ്ക്കിടെ പുന്നമൂട് ഗേറ്റിൽ എത്തിയപ്പോൾ ട്രെയിൻ പോയി ഏറെനേരം കഴിഞ്ഞിട്ടും ജീവനക്കാരൻ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. ഡ്രൈവർ ഹോൺമുഴക്കിയ ശേഷമാണ് ഗേറ്റ് തുറന്നുനൽകിയത്. ഓട്ടോ ട്രാക്കിന് നടുവിലെത്തിയപ്പോൾ ഗേറ്റ്കീപ്പർ സതീഷിനോട് ഉറങ്ങിപ്പോയതാണോ എന്ന് ഡ്രൈവർ ചോദിച്ചു. പ്രകോപിതനായ ഗേറ്റ് കീപ്പർ വീണ്ടും ഗേറ്റ് ബാരിയർ താഴ്‌ത്തി പത്തുമിനിട്ടോളം ഓട്ടോ ഗേറ്റിനുള്ളിൽ തടഞ്ഞിട്ടതായാണ് പരാതി. ഇതോടെ ഓട്ടോറിക്ഷയും യാത്രക്കാരും ട്രാക്കിൽ കുടുങ്ങി. അത്യാവശ്യ യാത്രയാണെന്നും ഉടനെ പോകണമെന്നും അപേക്ഷിച്ച ശേഷമാണ് ഗേറ്റ് തുറന്നുനൽകിയതെന്നും ഓട്ടോ ഡ്രൈവർ ആശിഷ് പറഞ്ഞു. ഡ്രൈവർ റെയിൽവേക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗേറ്റ് കീപ്പർക്കെതിരെ നടപടിയുണ്ടായത്.