പാറശാല: എസ്.എഫ്.ഐയുടെ കൊടിപിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ധനുവച്ചപുരം ഗവ.ഐ.ടി.ഐയിലെ ഒന്നാം വർഷ വെൽഡിംഗ് ട്രേഡ് വിദ്യാർത്ഥി മൈലക്കര മഞ്ചാടിമൂട് കൊടിയിൽ വീട്ടിൽ വികാസിനാണ് (19) കമ്പിപ്പാരകൊണ്ട് തലയ്ക്ക് അടിയേറ്റത്. കഴിഞ്ഞ ദിവസം കാമ്പസിനുള്ളിലായിരുന്നു സംഭവം. എസ്.എഫ്.ഐയുടെ പ്രകടനം നടക്കവേ ഏതാനും വിദ്യാർത്ഥികൾ വികാസിനോട് കൊടിപിടിക്കാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ് ആക്രമണ കാരണം. പരിക്കേറ്റ വികാസിനെ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റ് അവശനായ വികാസിനെ ആശുപത്രിയിലെത്തിക്കാൻ അദ്ധ്യാപകർ തയ്യാറായില്ലെന്നും പരാതിയുണ്ട്. വീട്ടുകാരെത്തിയാണ് വികാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വികാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാറശാല പൊലീസ് കേസെടുത്തു.