പാറശാല: പാറശാലയിൽ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലിനും കുടിവെള്ളം തടസപ്പെടുന്നതിനും എതിരെ സി.പി.എം പ്രവർത്തകർ ചേർന്ന് പാറശാലയിലെ വാട്ടർ അതോറിട്ടി എ.ഇയുടെ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലേറെ കാലമായി പാറശാല ആശുപത്രി ജംഗ്‌ഷനിൽ കുടിവെള്ള വിതരണം പൂർണമായും തടസപ്പെട്ടിരുന്നു. കുടിവെള്ളം നിലച്ചതിനെതിരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടങ്ങളുമായി പാറശാല ആശുപത്രി ജംഗ്‌ഷനിൽ എത്തി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. തുടർന്ന് ചൊവ്വാഴ്ച തന്നെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതാണെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ബുധനാഴ്ച രാവിലെ വരെയും കുടിവെള്ള എത്താത്തതിനെ തുടർന്നായിരുന്നു സി.പി.എം പ്രവർത്തകർ ചേർന്ന് വാട്ടർ അതോറിട്ടി എ.ഇയുടെ ഓഫീസ് ഉപരോധിച്ചത്.
പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ, വാർഡ് മെമ്പർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. പ്രശ്നപരിഹാരമായി കുടിവെള്ളം തടസപ്പെട്ട പ്രദേശത്തേക്ക് പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.