പാലോട്: ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വീണ്ടും വ്യാജമദ്യ ലോബി കൈയടക്കിയതായി പരാതി. വ്യാജചാരായ നിർമ്മാണവും കഞ്ചാവ് തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഇവിടെ തകൃതിയായി നടക്കുന്നതായാണ് വിവരം. എന്നാൽ ഇതുവരെ ബന്ധപ്പെട്ടവരെ പിടികൂടാൻ പൊലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ലാത്തതും ജനങ്ങൾക്കിയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. പൊലീസിനോ എക്സൈസിനോ അത്ര പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത വനത്തിന്റെ ഉൾഭാഗങ്ങളിലും വീടുകളും കേന്ദ്രീകരിച്ചാണ് വാറ്റു സംഘം പ്രവർത്തിക്കുന്നത്. ഇടയ്ക്കിടെ റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിലും വിദഗ്ദ്ധമായി വാറ്റു സംഘം രക്ഷപ്പെടുകയാണ് പതിവ്. വ്യാജവാറ്റ് സംഘം ആദിവാസിമേഖലയിലെ ജനങ്ങളെ ചൂഷണം ചെയ്ത് വിലസുന്നതായും പരാതിയുണ്ട്. വാറ്റുചാരായം കുപ്പികളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ഇരുചക്ര വാഹനങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് പതിവ്. ഇതിന് പ്രത്യേകം സംഘങ്ങളും ഇവർക്കുണ്ട്.
കോട തേടിയെത്തുന്ന വന്യമൃഗങ്ങൾ
ചാരായം വാറ്റാൻ ഉപയോഗിക്കുന്ന കോട പുളിപ്പിക്കാനായി കാട്ടിൽ സൂക്ഷിക്കുമ്പോൾ അതിന്റെ ഗന്ധം പിടിച്ച് വന്യമൃഗങ്ങളും എത്താറുണ്ട്. ഇത് കുടിച്ച് നാട്ടിലേക്കിറങ്ങുന്ന ഇവ ജനവാസ മേഖലയിൽ വൻ നാശനാഷ്ടമാണ് ഉണ്ടാക്കുന്നത്. പൊതുമുതലെല്ലാം ഇവർ നശിപ്പിക്കും. പിന്നീട് ഈ വന്യമൃഗങ്ങളെ തുരത്താൻ ഏറെ പണിപ്പെടേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
** ഏറെ നാളായി നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കടകളിൽ ശർക്കരയ്ക്ക് വളരെ ക്ഷാമമാണ്. ഇത് വാറ്റ്ചാരായ നിർമ്മാണത്തിനായി വാങ്ങുന്നതായാണ് ഉദ്ധ്യാഗസ്ഥർ പറയുന്നത്.
** വാറ്റ് തിരക്കി ആദിവാസി മേഖലയിൽ എത്തുന്നവർ ആദിവാസി സമൂഹത്തിനുതന്നെ ഭീഷണിയാകുന്ന കാഴ്ചയാണ് നിലവിൽ.
**പകൽ സമയത്തു പോലും സ്ത്രീകൾ ഭീതിയോടെയാണ് കഴിച്ചുകൂട്ടുന്നത്. ചോദ്യം ചെയ്യുന്നവരെ ക്രൂരമായി മർദ്ദിക്കുന്നതും ഇവരുടെ വിനോദമാണ്.
** ഏറെയും യുവാക്കൾ
കഞ്ചാവും മറ്റ് ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നവരിൽ യുവാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇടിഞ്ഞാർ, മങ്കയം,വേങ്കൊല്ല, മുത്തിക്കാണി, ശാസ്താനട,കോളച്ചൽ തുടങ്ങിയ പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തവർ നിരവധിയാണ്. ഇടിഞ്ഞാറിൽ രണ്ടു പെൺകുട്ടികൾ ആത്മഹത്യ ചെയ്തതതിനു പിന്നിലും ലഹരി മാഫിയയുടെ ഇടപെടൽ ശക്തമാണ്. പൊലീസും എക്സൈസും വനപാലകരും ചേർന്ന് റെയ്ഡുകൾ ധാരളം നടത്തുകയും ചാരായ വാറ്റിലേർപ്പെട്ടിരുന്ന പലരെയും പിടികൂടുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ വാറ്റുപകരണങ്ങളും ലിറ്റർ കണക്കിന് ചാരായവും കോടയും പിടികൂടിയെങ്കിലും വ്യാജ മദ്യലോബിക്ക് തടയിടാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല.
ഒരു കുപ്പിക്ക് 1500 മുതൽ 2000 രൂപ വരെ
** പതിനായിരം രൂപ മുടക്കി നിർമ്മിക്കുന്ന വ്യാജചാരായം അൻപതിനായിരം രൂപയ്ക്ക് വരെയാണ് വില്ക്കുന്നത്.