കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ പൂവാല ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്നാക്ഷേപം. മതുരക്കോട്, വലിയവീട് മേഖലകൾ കേന്ദ്രീകരിച്ചാണ് പൂവാല ശല്യം വ്യാപകമായിട്ടുള്ളത്. ലഹരിമരുന്നുകൾ ഉപയോഗിച്ച് എത്തുന്ന ഇവരുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ബൈക്കുകളിലെത്തുന്ന പൂവാലൻമാർ നിരന്തരം പെൺകുട്ടികളോട് മോശമായി പെരുമാറുന്നതും, ഇത് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടും പൊലീസിന് അനക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇത് സംബന്ധിച്ച് രേഖാമൂലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സ്കൂളും കോളേജും തുറന്നതോടെ ബൈക്കിൽ വിലസുന്ന പൂവാലൻമാരുടെ ശല്യവും കൂടി. പരസ്യമായി മദ്യപാനവും മദ്യവില്പനയും ലഹരിമരുന്നുകളുടെ വില്പനയുമൊക്കെ ഇവിടെ നിർബാധം തുടരുന്നുണ്ടെങ്കിലും ജീവനിൽ കൊതിയുള്ളതുകൊണ്ട് നാട്ടുകാരാരും ഇത് ചോദ്യം ചെയ്യാറില്ല. പല സ്ഥലങ്ങളിൽ നിന്ന് ആഡംബര ബൈക്കുകളിലെത്തി പ്രദേശത്ത് ഒത്തുകൂടിയാണ് ഇവരുടെ പരാക്രമം.