general

ബാലരാമപുരം: ബാലരാമപുരം മണലി പുല്ലൈക്കോണത്ത് തുടർച്ചയായി കിണർ ഇടിഞ്ഞ് താഴുന്നതിൽ നാട്ടുകാർക്ക് ആശങ്ക. കഴിഞ്ഞ ദിവസം പുല്ലൈക്കോണം ആമിന മൻസിലിൽ ബദറുദീന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാണത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത് കിണറാണ് അപ്രത്യക്ഷമാവുന്നത്. ആഴ്ചകൾക്ക് മുൻപ് ഹാൻടെക്സിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപ കിണർ കുളം പോലെയായി. തൊട്ട് പിന്നാലെ സ്പിന്നിംഗ് മിൽ പരിസരത്ത് വെള്ളമെത്തിക്കുന്ന കിണറും സമീപത്തെ റോഡും ഇടിഞ്ഞ് താഴ്ന്നിരുന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന പ്ലംബിംഗ് തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കിണർ ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ജിയോളജിക്കൽ വിഭാഗം അന്വേഷിക്കണമെന്നും അപകടസാദ്ധ്യതയേറിയാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും ആവശ്യമുയർന്നു. ജിയോളജിക്കൽ വകുപ്പിന് റസിഡന്റ്സ് അസോസിയേഷനും നേരിട്ട് പരാതി അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് അഡ്വ. എം. വിൻസെന്റ് എം.എൽ.എ സ്ഥലത്തെത്തി എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം,​ റവന്യൂ അധികൃതർ എന്നിവരുമായി ചർച്ച നടത്തി വേണ്ട നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ശാസ്ത്രീയമായ രീതിയിൽ പരിശോധന നടത്തുമെന്ന് ജിയോളജിക്ക‍ൽ വകുപ്പ് അറിയിച്ചു.