വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെയും ഭരണ പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി ‌പരാതി. പുതിയ ഭരണസമിതി അധികാരമേറ്റശേഷം വിവിധ തസ്തികയിൽ നിരവധി ഒഴിവുകൾ ഉണ്ടായിരുന്നു. വിവിധയിടങ്ങളിൽ ഭരണ സമിതി സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി ചില തസ്തികകളിൽ ജീവനക്കാർ എത്തിയെങ്കിലും നിലവിൽ പ്രധാനപ്പെട്ട നാല് ഒഴിവുകൾ നിലനിൽക്കുകയാണ്. യു.ഡി ക്ലാർക്ക്, എൽ.ഡി ക്ലാർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ നാല് പോസ്റ്റുകളിൽ ഒരോ ഒഴിവുകൾ ഇനിയും നികത്തിയിട്ടില്ല. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ഏറെ ബാധിച്ചു. ഇതിനു പുറമേ നിലവിലെ സെക്രട്ടറി ആരോഗ്യ പരമായ കാരണങ്ങളാൽ അവധിയിലുമാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം കൂടി മാത്രമേ ബാക്കിയുള്ളൂ. നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി പൂർത്തീകരണത്തിന് ഭരണ-ജീവനക്കാരുടെ ഏകീകരണം ആവശ്യമാണന്നും, കുറവുള്ള ജീവനക്കാരെ നിയമിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അല്ലെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് വക്കം മണ്ഡലം കമ്മിറ്റി അറിയിച്ചു.