
തിരുവനന്തപുരം:കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കൃത്യമായ ക്രമീകരണങ്ങളോടെ പൊതുപരീക്ഷകൾ പരാതിക്കിടവരാതെ നടത്താനും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും കഴിഞ്ഞത് സർക്കാർ അഭിമാനകരമായാണ് കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും അനുമോദിക്കുന്ന പ്രതിഭാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ 76 സ്കൂളുകൾക്കുമുള്ള ആദരവ് എം.എൽ.എ മാരായ അഡ്വ.ജി.സ്റ്റീഫൻ, അഡ്വ.ഐ.ബി.സതീഷ് എന്നിവർ സമർപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാബീഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.ആർ.സലൂജ, എസ് . സുനിത , എം.ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സന്തോഷ് കുമാർ , വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നാരായണി ഇ.എസ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു എന്നിവർ പങ്കെടുത്തു.