ll

വർക്കല: ശിവഗിരി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ അവശനായി കിടന്ന വൃദ്ധനെ റെയിൽവേ പൊലീസും, വർക്കല ഫയർഫോഴ്സും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് വൃദ്ധനെ അവശനിലയിൽ യാത്രക്കാർ കണ്ടത്. ഇവർ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വർക്കല ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിന്റെ ആംബുലൻസിൽ വൃദ്ധനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 75 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾ പാരിപ്പള്ളി സ്വദേശി ആണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റും അലഞ്ഞുതിരിഞ്ഞു നടന്നതായി നാട്ടുകാർ പറയുന്നു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.