വക്കം: വക്കം മരുതുംവിളാകം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരും മയക്കുമരുന്ന് വിപണനവും വ്യാപകമെന്ന് പരാതി. ഒറ്റയ്ക്ക് സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികളെ തടഞ്ഞു നിറുത്തി മർദ്ദിക്കുക, ചോദിക്കാനെത്തുന്ന വീട്ടുകാരെ അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുക, കുട്ടികളെക്കൊണ്ട് നിരോധിത പുകയില ഉല്പന്നങ്ങൾ വാങ്ങിപ്പിക്കുക തുടങ്ങിയ സംഭവങ്ങൾ ഇവിടെ പതിവാണ്. ഇത് സംബന്ധിച്ച് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ കണ്ണൻ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കണ്ണന്റെ സംഘാംഗങ്ങൾ പരാതി നൽകിയവർക്ക് വധഭീഷണി മുഴക്കിയിരുന്നു. അടുത്തിടെ ചാവടിമുക്കിന് സമീപത്തുവച്ച് കണ്ണൻ 5-ാം ക്ലാസുകാരനെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയിരുന്നു. വക്കത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാൻ രാവിലെ 8 മുതൽ പൊലീസ് പട്രോളിംഗ് വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.