ansar

വിതുര: തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയോഗം ഭരണപ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു. തർക്കത്തിനിടെ കോൺഗ്രസ് അംഗം തലയിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത് കൂടുതൽ സംഘർഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10ഓടെ പഞ്ചായത്ത് കമ്മിറ്റിയോഗം ചേർന്നപ്പോഴാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്.

പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് സംസാരിക്കുന്നതിനിടയിലാണ് സംഘർഷം ആരംഭിച്ചത്. പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കാത്ത കാര്യങ്ങൾ യോഗം കഴിഞ്ഞശേഷം പ്രസിഡന്റും സംഘവും മിനിട്സിൽ എഴുതിച്ചേർക്കുന്നുവെന്നും പഞ്ചായത്തിൽ വികസനം തടസപ്പെട്ടിരിക്കുന്നുവെന്നും ആരോപിച്ചാണ് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി പ്രസിഡന്റിന്റെ ഡയസിലെത്തിയത്. തുടർന്ന് പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മിൽ പോർവിളികൾ മുഴക്കുന്നതിനിടെെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ തോട്ടുമുക്ക് അൻസർ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ കോൺഗ്രസ് അംഗങ്ങളായ ചായം സുധാകരൻ, പ്രതാപൻ, എൻ.എസ്. ഹാഷിം, ഷെമി ഷംനാദ് എന്നിവർ അൻസറിനെ തടയുകയായിരുന്നു.

ബഹളവും സംഘർഷവും മണിക്കൂറുകൾ നീണ്ടതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായി. പഞ്ചായത്ത് സെക്രട്ടറിയെയും യു.ഡി.എഫ് അംഗങ്ങൾ ഉപരോധിച്ചു. ഇതിനിടെ വിതുര സി.ഐ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പൊലീസ് മടങ്ങിയെങ്കിലും കോൺഗ്രസ് അംഗങ്ങളും പ്രവർത്തകരും സമരം തുടർന്നു.


സമരം തുടരും: കോൺഗ്രസ്


പഞ്ചായത്തിലെ കേടായ തെരുവ് വിളക്കുകൾ കത്തിക്കുക, വിതുര തൊളിക്കോട് കുടിവെള്ള പദ്ധതി നടപ്പിലാക്കുക, വികസന സ്‌തംഭനാവസ്ഥയ്‌ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശക്തമായ സമരപരിപാടികൾ തുടരുമെന്ന് പഞ്ചായത്തംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരുമായ ചായം സുധാകരനും എൻ.എസ്. ഹാഷിമും അറിയിച്ചു.


കൊലപാതകശ്രമത്തിന് കേസെടുക്കണം


തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ പെട്രോളുമായി എത്തുകയും പ്രസിഡന്റ് സംസാരിക്കുന്നതിനിടെ സമീപത്തെത്തി ദേഹത്തൊഴിക്കുകയും ചെയ്‌ത കോൺഗ്രസ് അംഗം തോട്ടുമുക്ക് അൻസറിനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സെക്രട്ടറി അറിയിച്ചു.


ബി.ജെ.പിയുടെ പ്രതിഷേധം


തൊളിക്കോട് പഞ്ചായത്തിലെ വികസന സ്‌തംഭനാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതിയും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.വി. അനിലും തച്ചൻകോട് വാർഡ്‌ മെമ്പർ തച്ചൻകോട് വേണുഗോപാലും അറിയിച്ചു.


ആരോപണത്തിൽ കഴമ്പില്ല:

വി.ജെ. സുരേഷ്


പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കുന്ന കാര്യങ്ങൾ തന്നെയാണ് നടപ്പിലാക്കിവരുന്നത്. മിനിട്സിൽ എഴുതിച്ചേർക്കുന്നുവെന്ന വാദം പൊള്ളയാണെന്നും വൻ വികസനപ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിവരുന്നതെന്നും പ്രസിഡന്റ് വി.ജെ. സുരേഷ് അറിയിച്ചു. യോഗത്തിൽ മനഃപൂർവം പ്രശ്‌നം സൃഷ്ടിച്ചവർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഫോട്ടോ: തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗം തോട്ടുമുക്ക് അൻസർ തലയിൽ പെട്രോളൊഴിച്ച് പ്രതിഷേധിച്ചപ്പോൾ. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് സമീപം