
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കിഴക്കനേല ഗവ. എൽ.പി.എസ് സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ തറക്കല്ലിടൽ അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. പ്രദേശവാസികളുടെയും പൊതുപ്രവർത്തകരുടെയും നിരന്തരമായ അഭ്യർത്ഥനയുടെയും നിവേദനത്തിന്റെയും അടിസ്ഥാനത്തിൽ എം.എൽ.എയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് കെട്ടിടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.സജീവ് കുമാർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ജയപ്രഭ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ നിസാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പ്രകാശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, വാർഡ് മെമ്പർ റീന ഫസൽ, എ.ഇ.ഒ പ്രദീപ്, ബി.പി.ഒ സാബു, എസ്.എം.സി വൈസ് ചെയർമാൻ സുരേഷ്, സ്റ്റാഫ്സെക്രട്ടറി നൗഫൽ എന്നിവർ പങ്കെടുത്തു.