
തിരുവനന്തപുരം: നേമം പ്രാവച്ചമ്പലത്ത് ഹൈവേ റോഡിൽ പാർക്ക് ചെയ്‌തിരുന്ന ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ വെട്ടിപ്പരിക്കേല്പിച്ച് മൊബൈൽ ഫോണും പണവും കവർച്ച ചെയ്‌ത രണ്ടുപേരിൽ ഒരാളെ പൊലീസ് പിടികൂടി. പള്ളിച്ചൽ മരുതറത്തല ആയില്യംകാവ് റോഡ് ചാനൽക്കര വീട്ടിൽ അർഷാദിനെയാണ് (24) നേമം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഡ്രൈവർ മേനംകുളം സ്വദേശി ജോൺ എന്നയാളെ പ്രതികൾ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചശേഷം വിലപിടിപ്പുള്ള മൊബൈൽ ഫോണും 6700 രൂപയും കവർച്ച ചെയ്യുകയായിരുന്നു. ഡ്രൈവർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, സുബ്രഹ്മണ്യൻ പോറ്റി, വിജയൻ, എ.എസ്.ഐമാരായ പദ്മകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, സജു, ലതീഷ്, റെജിമോൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്‌തത്. പിടിയിലായ അർഷാദ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്‌തു. കേസിലെ രണ്ടാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ അറിയിച്ചു.