s

വിഴിഞ്ഞം: പ്രധാന ടൂറിസം കേന്ദ്രമായ കോവളം ബീച്ചിൽ സന്ധ്യ കഴിഞ്ഞാൽ രക്ഷാപ്രവർത്തകരില്ലാത്തത് സഞ്ചാരികളെ വലയ്‌ക്കുന്നു. ലൈഫ് ഗാർഡുകൾ ഡ്യൂട്ടി കഴിഞ്ഞ് പോയാൽ തീരത്ത് ചുരുക്കം ടൂറിസം പൊലീസുകാർ മാത്രമാണ് രക്ഷാപ്രവർത്തകരായുള്ളത്.

ഈ സമയത്ത് തിരയിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം കൃത്യമായി ഏകോപിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ലൈഫ് ഗാർഡുമാർ രാവിലെ ഏഴ് മുതൽ വൈകിട്ട് 7 വരെ മാത്രമേ തീരത്ത് ഉണ്ടാവുകയുള്ളൂ. അതിനുശേഷം എന്തുസംഭവിച്ചിലും അടിയന്തര സഹായത്തിന് ആളില്ലെന്നാണ് സഞ്ചാരികളുടെ ആക്ഷേപം.

പ്രധാന പ്രശ്‌നങ്ങൾ

1. തീരത്തുള്ളത് കുറച്ചു പൊലീസുകാർ മാത്രം. ഷിഫ്റ്റ് സമ്പ്രദായമായതിനാൽ

ഒരു സമയം മൂന്നോ നാലോ പേർ മാത്രം. രാത്രി 10 കഴിഞ്ഞാൽ ഇവരും കാണില്ല

2. കോവളത്ത് പ്രധാനമായും മൂന്ന് ബീച്ചുകളാണുള്ളത്. ഇവിടെ തിരക്ക്

നിയന്ത്രിക്കാൻ ഒന്നോ രണ്ടോ പൊലീസുകാർ മാത്രമേ ഉണ്ടാകാറുള്ളൂ.

3. കടലിൽ മാത്രമല്ല കരയിലും സുരക്ഷയ്ക്ക് ആളില്ല. സഞ്ചാരികളെ ആക്രമിച്ചാലോ

ശല്യം ചെയ്‌താലോ നിയന്ത്രിക്കാൻ പൊലീസില്ലെന്നാണ് ആക്ഷേപം

4. കടൽത്തിരയിൽപ്പെട്ടാൽ ആളുകളെ രക്ഷിക്കാൻ

ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ല.

5. ലഹരി വില്പന തടയാൻ പൊലീസിന് കഴിയുന്നില്ല.

വേണ്ടത് ടൂറിസം വോളന്റിയർമാർ

വിദേശത്തെയും മറ്റ് സംസ്ഥാനങ്ങളിലെയും ബീച്ചുകളിലെതുപോലെ ടൂറിസം വോളന്റിയർമാരെയാണ് ഇവിടെ വേണ്ടത്. വിദേശ സഞ്ചാരികളെ സഹായിക്കുന്നതിനായി വോളന്റിയർമാരെ നിയമിച്ചാൽ വിദേശികളെ കബളിപ്പിക്കുന്നത് തടയാനാകും. വിദേശ സഞ്ചാരികൾക്ക് വേണ്ടി ഒരു ഗൈഡായി പ്രവർത്തിക്കാനും ഇവർക്ക് കഴിയും

വാഗ്ദാനങ്ങൾ നടപ്പിലായില്ല

കോവളം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസം പൊലീസിന് പ്രത്യേക യൂണിഫോമും പരിശീലനവും നൽകുമെന്ന് കോവളം സന്ദർശിച്ച ശേഷം ഡി.ജി.പി പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. രാത്രിയിൽ വിദേശ വിനോദ സഞ്ചാരികൾ തീരത്തിറങ്ങാൻ സാദ്ധ്യതയുണ്ട്. ഈ സമയത്തുണ്ടായിരുന്ന പട്രോളിംഗും ഇപ്പോഴില്ല. 24 പേർ വേണ്ടിടത്ത് 9പൊലീസുകാർ മാത്രമാണുള്ളത്. വനിതാപൊലീസുകാരെ നിയമിക്കണമെന്നും സഞ്ചാരികൾ ആവശ്യപ്പെടുന്നു.